ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം

Posted on: December 4, 2017 6:35 am | Last updated: December 3, 2017 at 10:58 pm

ഐക്യരാഷ്ട്ര സഭയുടെയും അമേരിക്കയുടെയും മുന്നറിയിപ്പുകളെ അവഗണിച്ചു ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുകയാണ്. ഇതുവരെ പരീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രഹര ശേഷിയുള്ളതും ദൂരങ്ങള്‍ താണ്ടുന്നതുമാണ് ഈ മാസം ഒന്നിന് പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍. 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതയിലുള്ള കടലിലാണ് പതിച്ചതെങ്കിലും മിസൈലിന് 13,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. അമേരിക്കയിലെ എല്ലാ നഗരങ്ങളെയും പരിധിയിലാക്കാന്‍ ഈ മിസൈലിന് സാധിക്കും. സെപ്തംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു. ഉത്തര കൊറിയയെ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ഈ പരീക്ഷണത്തോടെ ആണവ ശക്തിയായി മാറുകയെന്ന ഉത്തര കൊറിയയുടെ ലക്ഷ്യം സാക്ഷാത്കരിച്ചുവെന്ന് പ്രസിഡണ്ട് കിം ജോങ് അവകാശപ്പെട്ടതായി ഉത്തരകൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചു.
രണ്ടര മാസത്തോളമായി ഉത്തര കൊറിയ ആണവ പരീക്ഷണമോ ബന്ധപ്പെട്ട എന്തെങ്കിലും പ്രസ്താവനകളോ നടത്താത്ത സാഹചര്യത്തില്‍ കിം ജോങിന്റെ ആരോഗ്യനില മോശമാണെന്നും ആണവ പരീക്ഷണങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കയാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വണ്ണം അമിതമായി വര്‍ധിച്ച കിം ജോങ് ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കടിമയാണെന്നും വധഭീഷണി നിലനില്‍ക്കുന്നതിലുള്ള ഭയം മൂലം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നുമായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. ഏതാനും ദിവസങ്ങളായി കിം ജോങ് നേരിട്ട് പ്രസ്താവനകള്‍ നടത്തിയിരുന്നുമില്ല. അതിനിടെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായുള്ള മിസൈല്‍ വിക്ഷേപണം.

ആണവ പരീക്ഷണങ്ങള്‍ തുടരെത്തുടരെ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ആയുധ ശേഖരത്തിന്റെ തോതും വര്‍ധിപ്പിച്ചു കൊണ്ടിരിക്കയാണ് കിം ജോങ്. ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മാണം അതിവേഗം നടക്കുന്നതായി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ സഹിതം യു എസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും അതിലുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് നിര്‍മിക്കുന്നതെന്നാണ് കുരതപ്പെടുന്നത്.

എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ചുള്ള കിം ജോങിന്റെ നീക്കങ്ങള്‍ അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ചേക്കാമെന്നും ഒരു യുദ്ധത്തിന് വഴിയൊരുക്കിയേക്കുമെന്നുമാണ് ആശങ്ക. ആണവ പരീക്ഷണം നിര്‍ത്തിവെക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും കിംജോങിനോട് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിലക്കെടുത്തില്ല. അമേരിക്കയുടെ ഏകാധിപത്യ നിലപാട് തിരുത്തുന്നത് വരെ ഒരു വിധ ചര്‍ച്ചക്കും തയ്യാറല്ലെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നുമാണ് കിംജോങിന്റെ നിലപാട്.

ഉത്തര കൊറിയയെ നിലക്കു നിര്‍ത്തുമെന്നു ഇടക്കിടെ മുന്നയിപ്പ് നല്‍കുന്നതല്ലാതെ സൈനിക നടപടിക്ക് അമേരിക്ക ഭയക്കുന്നുണ്ട്. ട്രംപിനെ പോലെ ഒരു തരം എടുത്തുചാട്ടമനസ്സിന്റെ ഉടമയാണ് കിം ജോങും. അതുകൊണ്ടു തന്നെ അമേരിക്ക സൈനിക നീക്കത്തിനൊരുമ്പെട്ടാല്‍ ആണവ ശക്തിയായി മാറിക്കഴിഞ്ഞ ഉത്തരകൊറിയയുടെ പ്രതികരണം എന്തായിരിക്കുമെന്ന് പറയാനാകില്ല. ഒരു വിജയി അവശേഷിക്കാത്ത തരത്തിലുള്ള സര്‍വനാശമായിരിക്കും അന്തിമഫലം. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസത്തിനകം യുദ്ധം അവസാനിച്ചേക്കും. എന്നാല്‍, അതിനകം ഭൂമുഖത്തു നിന്ന് ഉത്തരകൊറിയയും അതോടൊപ്പം അമേരിക്കന്‍ നഗരങ്ങളും തുടച്ചു നീക്കപ്പെട്ടേക്കാം. അമേരിക്കയുടെ തന്ത്രപരമായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉത്തര കൊറിയ അതിന്റെ മിസൈലുകള്‍ ഘടിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണ് വിവരം. ഉത്തര കൊറിയയെ ഓര്‍ത്തു അമേരിക്കക്ക് ഇപ്പോള്‍ ഉറക്കമില്ല. ഇതു ഒരു വിധേന ലോകത്തിന് ആശ്വാസവുമാണ്. ശക്തനും അതേസമയം എന്തും ചെയ്യാന്‍ മടിക്കാത്തവനുമായ ഒരു എതിരാളി അധികാര സന്തുലനം നിര്‍ത്താന്‍ സഹായകമാണ്. സോവിയറ്റ് പതനത്തോടെയാണ് അമേരിക്ക കൂടുതല്‍ രൗദ്രഭാവം പൂണ്ടതെന്ന കാര്യം വിസ്മരിക്കാവതല്ല.

ആണവ, മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഉത്തരകൊറിയയെ വിരട്ടുന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാട് വിമര്‍ശിക്കപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണം ആഗോള തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ആണവ നിര്‍വ്യാപന ഉടമ്പടിക്ക് എതിരാണെന്നുമാണ് യു എന്‍ പറയുന്നത്. എന്നാല്‍ നേരത്തെ ഇസ്‌റാഈല്‍ ആണവ പരീക്ഷണം നടത്തിയപ്പോഴും വിവിധ അറബ് നാടുകളില്‍ അകാരണമായി അധിനിവേശം നടത്തിയപ്പോഴും യു എന്‍ മൗനത്തിലായിരുന്നു. അന്നെവിടെയായിരുന്നു ‘ലോക സമാധാന സംഘടന’ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.