ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു; പക്ഷേ ‘സമനില’ തെറ്റിയില്ല (1-1)

Posted on: December 3, 2017 10:40 pm | Last updated: December 4, 2017 at 10:16 am

കൊച്ചി: കേരളം കാത്തിരുന്ന ഗോള്‍ പിറന്നു. പക്ഷെ ബ്ലാസ്‌റ്റേഴ്‌സിന് സമനിലകുരുക്ക് പൊളിക്കാനായില്ല. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ 1-1ന് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങി. മല്‍സരത്തില്‍ മികച്ച പ്രടകനം നടത്തിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയില്‍ വച്ച് താളം പോയതോടെ സീസണിലെ ആദ്യ ജയം നഷ്ടമായി.

14 ാം മിനിറ്റില്‍ സിഫനിയോസിലൂടെ മുന്നിലെത്തിയ കേരളത്തിന്റെ ചങ്ക് തകര്‍ത്ത് 77 ാം മിനിറ്റിലാണ് ബല്‍വന്ത് സിങ്ങ് മഞ്ഞപ്പടയുടെ വല ചലിപ്പിച്ചത്. മല്‍സരത്തില്‍ മികച്ച രണ്ട് അവസരങ്ങള്‍ പാഴാക്കിയ മലയാളി താരം സി കെ വിനീത് കളിതീരുന്നതിന് തൊട്ട് മുമ്പ് ചുവപ്പ് കാര്‍ഡുകണ്ട് പുറത്തുപോകുകയും ചെയ്തു.

ഈ സീസണില്‍ മൂന്നു മല്‍സരം പൂര്‍ത്തിയാക്കിയ കേരളത്തിന് ഇതുവരെ വിജയം നേടാന്‍ കഴിഞ്ഞില്ല. മൂന്നു സമനിലകളോടെ കേരളത്തിന് മൂന്നു പോയന്റാണ് സമ്പാദ്യം. നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഒരു ജയവും സമനിലയും രണ്ടു തോല്‍വികളുമാണ് അക്കൗണ്ടിലുള്ളത്.