ഉണ്യാല്‍ സംഘര്‍ഷം സുന്നി തര്‍ക്കമാക്കാനുള്ള നീക്കത്തിന് കടിഞ്ഞാണിട്ട് സോഷ്യല്‍ മീഡിയ

Posted on: December 3, 2017 10:12 pm | Last updated: December 3, 2017 at 10:19 pm
ഉണ്യാലിൽ നബിദിന റാലിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ

കൊച്ചി: തിരൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണം സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാനുള്ള ലീഗിന്റെ വിഫലശ്രമത്തെ സോഷ്യല്‍ മീഡിയ തകര്‍ത്തെറിഞ്ഞു. ഫേസ്ബുക്ക ്‌പോസ്റ്റ് വഴി പ്രശ്‌നം സുന്നികളുടെ തലയില്‍ കെട്ടിവെക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നടത്തിയ നീക്കത്തിനെതിരെ ഇ കെ വിഭാഗം സുന്നി നേതാക്കള്‍ തന്നെ രംഗത്ത് വന്നു.

ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്ന് പരുക്കേറ്റവര്‍ തന്നെ വ്യക്തമാക്കിയിട്ടും ഫേസ് ബുക്ക് പോസ്റ്റ് വഴി സുന്നി സംഘടനകളെ പഴിചാരാനാണ് നജീബ് കാന്തപുരം ശ്രമിച്ചത്. നജീബിന്റെ പോസ്റ്റ് ഇങ്ങനെ: ‘പ്രവാചകന്റെ പേരില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പോലും സഹിഷ്ണുത കാണിക്കാനാവില്ലെങ്കില്‍ ഇതെന്ത് ഇസ്‌ലാമാണ് നാം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നത്. മറ്റ് മതസ്ഥര്‍ പോലും പുണ്യ നബിയുടെ ജന്മദിനത്തെ ആദരവോടെയും സ്‌നേഹവായ്‌പോടെയും സ്വീകരിക്കുകയും നാട് നീളെ മധുര പലഹാരങ്ങളുമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഇവര്‍ സ്വന്തം കൂടപ്പിറപ്പുകളുടെ അടിവയറ്റില്‍ കഠാര കയറ്റി മതത്തെ വഷളാക്കുന്നത്. മതം പഠിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സമഭാവനയുടെയും പാഠം പഠിക്കാതെ സ്വലാത്ത് ജാഥകള്‍ കൊണ്ട് റോഡ് നിറച്ചിട്ട് ആര്‍ക്കെന്ത് ഗുണമാണ് ലഭിക്കുക’

ഇതിന് മറുപടിയുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ദേശമംഗലം ബഷീര്‍ ഫൈസി രംഗത്ത് വന്നു. പോസ്റ്റ് ഇങ്ങനെ: ‘നിങ്ങള്‍ രണ്ടു കൂട്ടരും രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടും കുത്തും നടത്തുക. എന്നിട്ട് നൈസായി അതിനെ എ പി- ഇ കെ (സമസ്ത) ഏറ്റുമുട്ടല്‍ ആയി ചേര്‍ത്തുവെക്കുക. കോസ്റ്റല്‍ ബെല്‍റ്റില്‍ കാലങ്ങളായി അവരുടെ ദാരിദ്ര്യം മുതലെടുത്ത് തുടര്‍ന്ന് വരുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയാണ് ഉണ്യാലില്‍ ഉണ്ടായത്. എന്നിട്ട് നബിദിന റാലിയില്‍ പോലും എന്ന് സോഷ്യല്‍ മീഡിയയില്‍ രോഷം കൊള്ളുക. തത്കാലം ആ പരിപ്പ് ഇറക്കി വെച്ചേക്കുക, വേവിത്തിരി കൂടിപ്പോയാല്‍ കറി മോശമാകും. പറയിപ്പിച്ചതാണ് നേതാവേ, അതങ്ങ് പിന്‍വലിച്ചേക്കൂ’.

പോസ്റ്റ് വൈറലായതോടെ നജീബ് മറുപടിയുമായി എത്തി. കടുത്ത ലീഗ് വിരുദ്ധനായ ബഷീര്‍ ഫൈസി ദേശമംഗലത്തെ പോലുള്ള നാലാം കിടക്കാര്‍ സമസ്തയുടെ ലേബലില്‍ വിരട്ടാന്‍ വന്നാല്‍ അത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നായിരുന്നു നജീബിന്റെ പോസ്റ്റ്. സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ മത പണ്ഡിതനെ നാലാം കിടക്കാരനെന്ന് വിശേഷിപ്പിച്ചതോടെ നജീബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്രമണമാണ് നടന്നത്.

ഇതിനിടെ, ഇകെ വിഭാഗം യുവജന സംഘടനാ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. അത് ഇങ്ങനെ:
_*ഉണ്യാല്‍ സംഘര്‍ഷം: മതത്തെ പ്രതിക്കൂട്ടിലാക്കേണ്ടതില്ല*_
-ഐഎസ്സും അല്‍ഖായിദയും കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്ക് ഉത്തരവാദി ഇസ്ലാം !
– പ്രമാണങ്ങള്‍ വളച്ചൊടിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന മത പരിഷ്‌കരണ വാദികളുടെ ചെയ്തികള്‍ക്ക് ഉത്തരവാദി ഇസ്ലാം !
-രാഷ്ട്രീയ ക്രിമിനലുകള്‍ കാട്ടിക്കൂട്ടുന്ന കത്തിക്കുത്തിനും കലാപത്തിനും ഉത്തരവാദി ഇസ്ലാം !
മലപ്പുറം ജില്ലയിലെ താനൂര്‍ ഉണ്യാലില്‍ ഇന്ന് (2/12/17) രാവിലെ 10 മണിക്ക് സമസ്ത മദ്രസാ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിന ഘോഷയാത്രക്ക് നേരെ നടന്ന അക്രമം എ പി , ഇ കെ സംഘര്‍ഷമായി ചിത്രീകരിച്ച് ഇസ്ലാമിനെ അവമതിക്കുന്നവര്‍ അറിയുക.
നിലവില്‍ അവിടെ സുന്നികള്‍ക്കിടയില്‍ സംഘര്‍ഷമില്ല. മാത്രമല്ല , സമാധാന പരമായി സമസ്ത വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷ യാത്രക്ക് എ പി വിഭാഗത്തില്‍പ്പെട്ട ചിലര്‍ സ്വീകരണം നല്‍കുക പോലും ചെയ്തു.
പൂര്‍വ്വികമായി രാഷ്ട്രീയ വൈരവുമായി നടക്കുന്ന ചില രാഷ്ടീയക്കാരാണ് ഇതിനുത്തരവാദി. ഈ ഹീനമായ പ്രവര്‍ത്തനം നടത്തിയ അക്രമികളെ തിരുത്താനും കൈകാര്യം ചെയ്യാനും രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാണിക്കുമ്പോള്‍ മാത്രമേ ഇതവസാനിക്കൂ.അത്തരം രാഷ്ട്രീയക്കാരുടെ മുഖം മിനുക്കാനും സുന്നീ പ്രസ്ഥാനത്തെയും മതത്തെയും പ്രതിക്കൂട്ടിലാക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ നാം തിരിച്ചറിയണം.

മുസ്‌ലിം ലീഗ്- സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാലില്‍ കഴിഞ്ഞ ദിവസം നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു.