Connect with us

Kerala

ഓഖി: കേരളം നടത്തിയത് മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

Published

|

Last Updated

ഒാഖി സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പുകഴ്ത്തി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് കേരളം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 30ന് ഉച്ചക്ക് 12 മണിക്കാണ് മുന്നറിയിപ്പ് നല്‍കിയത്. അര നൂറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തില്‍ ചുഴലിക്കാറ്റ് വീശുന്നത്. അതിനാല്‍ കാറ്റ് എവിടെയൊക്കെ അടിക്കുമെന്ന് നിര്‍ണയിക്കാന്‍ സാധിച്ചില്ല. അതാണ് വലിയ ദുരന്തത്തിന് കാരണമായത്. ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡിന്റെ എട്ടു കപ്പലുകള്‍, ഒരു ഹെലികോപ്റ്റര്‍, നേവിയുടെ ഏഴുകപ്പലുകള്‍, രണ്ട് ധോണിയാര്‍ വിമാനങ്ങള്‍, നാലു ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 183 പേരെ രക്ഷിക്കാനായെന്നും കണ്ണന്താനം അറിയിച്ചു. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരും തീരദേശ രക്ഷാസേന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.