ഒാഖി ചുഴലി: മലക്കം മറിഞ്ഞ് കണ്ണന്താനം; മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നെന്ന് തിരുത്തൽ

Posted on: December 3, 2017 4:06 pm | Last updated: December 3, 2017 at 10:41 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് വൈകിയാണെന്ന പ്രസ്താവന മണിക്കൂറുകള്‍ക്കം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിഴുങ്ങി. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെന്ന് കണ്ണന്താനം പറഞ്ഞു. നേരത്തെ ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് ഒപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കണ്ണന്താനം മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് വ്യക്തമാക്കിയത്. നവംബര്‍ 30ന് ഉച്ചക്ക് 12 മണിക്കാണ് മുന്നറിയിപ്പ് നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ മണിക്കൂറിനകം തന്നെ പ്രസ്താവന അദ്ദേഹം തിരുത്തി.

ന്യൂനമര്‍ദം ഉണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും നവംബര്‍ 29ന് തന്നെ അറിയിച്ചിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു. ചുഴലിക്കാറ്റിന്റെ വിവരങ്ങളാണ് നവംബര്‍ 30ന് ഉച്ചക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അര നൂറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തില്‍ ചുഴലിക്കാറ്റ് വീശുന്നതെന്നും അതിനാല്‍ കാറ്റ് എവിടെയൊക്കെ അടിക്കുമെന്ന് നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നും കണ്ണന്താനം നേരത്തെ പറഞ്ഞിരുന്നു. ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം നേരത്തെ നിലപാടെടുത്തിരുന്നു.