നബിയോര്‍മകള്‍ പകരുന്ന ഊര്‍ജപ്രവാഹം

അനിതര സാധാരണമായി പറഞ്ഞതും ചെയ്തതും അംഗീകാരം നല്‍കിയതുമടക്കം ഒരു നേതാവിന്റെ നിറവും മണവും നീളവും ഉയരവും എന്നുവേണ്ട തലയിലെ നരയുടെ എണ്ണം വരെ വളരെ കൃത്യമായി കുറിച്ചു വെക്കപ്പെട്ട, പഠിപ്പിക്കപ്പെടുന്ന പ്രണയത്തിന്റെ ഭാഷയാണ് തിരുനബി സ്മരണയുടെ പ്രത്യേകത. മനുഷ്യ ജീവിതത്തില്‍ സര്‍വതലസ്പര്‍ശിയായ ഒരു മതത്തിന്റെ സംസ്ഥാപനം അതിന്റെ സമഗ്രത കൊണ്ടാണ് അന്യൂനമാക്കുന്നതെന്നിരിക്കെ എന്തുകൊണ്ടും സമൂഹത്തിന്റെ ഏതു തട്ടിലുള്ളവര്‍ക്കും അനുവര്‍ത്തിക്കാവുന്ന സമാധാന സന്ദേശങ്ങള്‍ തിരുനബിയില്‍ നിന്ന് തന്നെ ഉള്‍കൊള്ളണം.
Posted on: December 3, 2017 6:46 am | Last updated: December 2, 2017 at 11:54 pm
SHARE

സ്മരണകള്‍ക്ക് സാധ്യമാകുന്ന അതീന്ദ്രിയമായ ഊര്‍ജ കൈമാറ്റത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മളെല്ലാം. ഓര്‍മ മന്ദിരങ്ങളും ദിനവാരാചരണങ്ങളും നടത്തി അണികളെയും അനുയായികളെയും കര്‍മ സജ്ജരാക്കുന്ന പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളുമുള്ള നാടാണ് നമ്മുടേത്. ഭൗതിക ലോകത്തോട് വിട പറഞ്ഞ് ഒരു സഹസ്രം പിന്നിടുമ്പോഴും തിരുനബി(സ)യെന്ന അനുപമ വ്യക്തിത്വം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈയൊരു തത്വത്തില്‍ തന്നെയാണ്. അനിതര സാധാരണമായി പറഞ്ഞതും ചെയ്തതും അംഗീകാരം നല്‍കിയതുമടക്കം ഒരു നേതാവിന്റെ നിറവും മണവും നീളവും ഉയരവും എന്നുവേണ്ട തലയിലെ നരയുടെ എണ്ണം വരെ വളരെ കൃത്യമായി കുറിച്ചു വെക്കപ്പെട്ട, പഠിപ്പിക്കപ്പെടുന്ന പ്രണയത്തിന്റെ ഭാഷയാണ് തിരുനബി സ്മരണയുടെ പ്രത്യേകത.

മതപരവും വംശീയവുമായ സംഘട്ടനങ്ങള്‍ താഴെ തട്ടിലും ആഭ്യന്തര രാഷ്ട്രീയ പകപോക്കലുകളും അതിര്‍ത്തി തര്‍ക്കങ്ങളുമായി മേലെ തട്ടിലും നടക്കുന്ന അനിഷ്ട സംഭവങ്ങളുടെ തുടര്‍ക്കഥ പത്ര മാധ്യമങ്ങള്‍ സചിത്രം സംവിധാനിക്കുന്നതൊരു നിത്യസംഭവമാകയാല്‍ സമാധാനമെന്നതിലപ്പുറമൊന്നും ലോകത്തിനിന്നാശിക്കാനില്ല. സര്‍വലോകത്തിനും കാരുണ്യവാനായ തിരുദൂതര്‍ ഒരു പരിഹാരമായി ഓര്‍ക്കപ്പെടേണ്ട, മഹത് ജീവിതം അനുധാവനം ചെയ്യപ്പെടേണ്ട അനുയോജ്യമായ സമയമിതു തന്നെയാണ്.

മനുഷ്യ ജീവിതത്തില്‍ സര്‍വതലസ്പര്‍ശിയായ ഒരു മതത്തിന്റെ സംസ്ഥാപനം അതിന്റെ സമഗ്രത കൊണ്ടാണ് അന്യൂനമാക്കുന്നതെന്നിരിക്കെ എന്തുകൊണ്ടും സമൂഹത്തിന്റെ ഏതു തട്ടിലുള്ളവര്‍ക്കും അനുവര്‍ത്തിക്കാവുന്ന സമാധാന സന്ദേശങ്ങള്‍ തിരുനബിയില്‍ നിന്ന് തന്നെ ഉള്‍കൊള്ളണം. സത്യസന്ധതയുടെയും സര്‍വ സത്ഗുണങ്ങളുടെയും സമ്മേളനത്തിന് ‘അല്‍അമീന്‍’ പട്ടം വാങ്ങിയ നേതാവാണത്. ദിവ്യബോധനം നേടി മലയിറങ്ങിയ തിരുനബി (സ) യോട് സന്തോഷമറിയിക്കുന്ന പ്രിയ പത്‌നി ബീവി ഖദീജ(റ)യുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണേ, നിങ്ങളെ അവന്‍ നിരാശപ്പെടുത്തുകയില്ല, നിങ്ങള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു, പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നു, അശരണര്‍ക്ക് കൈതാങ്ങാകുന്നു, അതിഥികളെ സത്കരിക്കുന്നു..’

സദ്ഗുണ സമ്പന്നതയുടെ ആള്‍രൂപമായി നബി പദവിയലങ്കരിക്കാന്‍ അങ്ങേക്കല്ലാതെ മറ്റാര്‍ക്കും അര്‍ഹതയില്ലെന്നതാണ് പത്‌നി പറയുന്നത്. കുടുംബങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ മുതല്‍ വര്‍ത്തമാനകാല അഭയാര്‍ഥി പ്രശ്‌നങ്ങള്‍ വരെ ഒരു പാട് പേരുടെ ഊണിനും ഉറക്കിനും വിലക്കുകളേര്‍പ്പെടുത്തുമ്പോള്‍ ബീവി ഖദീജ(റ)യുടെ നബി വര്‍ണന മാത്രം ഉള്‍കൊണ്ടാല്‍ മതിയാകും പരിഹാരമെവിടെയെന്ന് മനസ്സിലാകാന്‍.
തിരുനബി(സ)യെന്ന കാരുണ്യവര്‍ഷം വിശ്വാസിയിലോ അവിശ്വാസിയിലോ ജൈവികഅജൈവിക ഘടകങ്ങളിലോ തിരഞ്ഞുപിടിച്ച് പെയ്തിറങ്ങുന്നതല്ലായെന്നിരിക്കെ തിരുനബി സ്മരണ എല്ലാവരുടേതുമാണ്.
ഒരിക്കല്‍ തിരുനബി (സ) ഒരു അന്‍സാരിയുടെ തോട്ടത്തില്‍ കയറി. അന്നേരം അവിടെയൊരു ഒട്ടകമുണ്ടായിരുന്നു. നബി (സ)യെ കണ്ടതും അതൊന്നു തേങ്ങി, കണ്ണുകള്‍ ഈറനണിഞ്ഞു. ഉടനെ തിരുനബിയടുത്ത് ചെന്ന് ഒന്നു തലോടേണ്ട താമസം മൃഗം അടങ്ങി. പൊടുന്നനെ നബിയുടെ രണ്ടു ചോദ്യങ്ങള്‍: ‘ആരാണിതിന്റെ ഉടമസ്ഥന്‍?’

ഉടമസ്ഥനായ അന്‍സ്വാരി യുവാവ് മുന്നോട്ടുവന്നതും തിരുനബി (സ) പറഞ്ഞു: ‘നിന്റെ ഉടമസ്ഥതയിലുള്ള ഈ മൃഗത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ കല്‍പ്പനകളെയും വിരോധനകളെയും നീ അനുസരിക്കാറില്ലേ? നീ അതിനെ കൊണ്ട് അമിത ജോലിയെടുപ്പിക്കുന്നതായും കഷ്ടപ്പെടുത്തുന്നതായും ആ മൃഗം എന്നോട് വേവലാതി ബോധിപ്പിച്ചുവല്ലോ’ പക്ഷിമൃഗാദികള്‍ മുതല്‍ ആ കാരുണ്യ സ്പര്‍ശത്തിന്റെ സുഖമനുഭവിക്കാത്തവരാരുമുണ്ടാകുകയില്ല. ഭാര്യയോടും മക്കളോടും കുട്ടികളോടും അനാഥരോടും വിധവകളോടും രോഗികളോടുമെല്ലാം പുലര്‍ത്തിയ ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും ചിത്രങ്ങള്‍ ശമാഇലിന്റെയും ഖസ്വാഇസിന്റെയും ഗ്രസ്ഥങ്ങളില്‍ നിരവധിയുണ്ട്.

മതം വളര്‍ന്ന് വലുതാകുമ്പോള്‍ തിരുനബി (സ)യും സ്വഹാബത്തും അഭിമുഖീകരിച്ച പ്രതിബന്ധങ്ങളും പ്രതിസന്ധികളും ചെറുതൊന്നുമല്ല. സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട സമയത്ത് പോലും സമാധാനത്തിന്റെയും സഹനത്തിന്റെയും പാത മാത്രമേ അവിടുന്ന് സ്വീകരിച്ചിട്ടുള്ളൂ. അക്രമത്തിന്റെയും കഷ്ടപ്പെടുത്തലിന്റെയും ക്രൂരതകളൊരുപാട് സഹിച്ചതിനൊടുവില്‍ സമാധാന സന്ധികളിലും ഒതുങ്ങാത്ത ചില നിര്‍ബന്ധ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടി വന്നതൊഴിച്ചാല്‍ ശത്രുവിനെ പോലും വേദനിപ്പിക്കാന്‍ തിരുനബി(സ)യൊന്നും ചെയ്തിട്ടില്ല.

പലായനത്തിനൊടുവില്‍ മദീനയില്‍ എത്തിയ തിരുനബി(സ) ആദ്യമായി പ്രമുഖ യഹൂദി ഗോത്രങ്ങളായ ബനൂ ഖൈനുഖാഅ, ബനൂന്നളീര്‍, ബനൂഖുറൈള് എന്നിവര്‍ക്ക് സഹായസൗഹാര്‍ദ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നു. മദീനയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടിയായിരുന്നു അത്. ആഭ്യന്തരവും വൈദേശികവുമായ കടന്നാക്രമണങ്ങളില്‍ നിന്ന് സുരക്ഷയും പരസ്പര ഐക്യത്തിന്റെ ധാരണയിലുമായിരുന്നു അവിടുത്തെ ജീവിതം ആരംഭിച്ചത്. കിടപ്പാടവും സമ്പത്തുകളും മതത്തിന് വേണ്ടി ത്യജിച്ച മുഹാജിറുകള്‍ക്ക് ആതിഥേയരായ അന്‍സാരികളുമായി സൗഹൃദം സ്ഥാപിച്ചു കൊടുക്കാനും അവിടുന്ന് മറന്നിട്ടില്ല. അനുയായി വൃന്ദത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്ക് ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിന്റെ ഇത്തരം മുന്‍കരുതലുകള്‍ അന്നാട്ടിലെ സ്വസ്ഥജീവിതത്തില്‍ കലഹങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും വലിയൊരളവ് അറുതി വരുത്തിയിട്ടുണ്ടെന്നത് തീര്‍ച്ച. അതിനെല്ലാം പുറമെ ഇസ്‌ലാമിക ചരിത്ര ലോകത്തെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായ രിള്‌വാന്‍, ഹുദൈബിയ്യ ഉടമ്പടികള്‍ സമാധാന പാലനത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. മക്കയിലേക്കയച്ച ഖിറാഷ് ബിന്‍ ഉമയ്യ എന്ന തന്റെ ദൂതനെ പിടിച്ച് ഒട്ടകത്തെ വധിച്ചു കളഞ്ഞവര്‍ അയച്ച അമ്പതു പേരെ പരാക്രമങ്ങള്‍ക്കൊടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ തിരുനബി(സ)യവരെ വെറുതെ വിട്ടു. വിശ്വാസി ഹൃദയങ്ങള്‍ക്ക് ഒരിക്കലും സഹിക്കാനാകാത്ത ചില ധാര്‍ഷ്ട്യങ്ങള്‍ക്കു മുമ്പില്‍ തിരുനബി (സ) യുടെ സമ്പൂര്‍ണ വിനയം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ‘ബിസ്മി’ പൂര്‍ത്തിയാക്കി എഴുതാന്‍ സമ്മതിക്കാതെയും ‘ഇത് അല്ലാഹു വിന്റെ തിരുദൂതര്‍ മുഹമ്മദ് ധാരണയാകുന്ന ഒന്നാണ്’ എന്നെഴുതിയത് മാറ്റി ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്’ എന്നു മാത്രം എഴുതിപ്പിച്ചതും സ്വഹാബത്തിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. പക്ഷേ, തിരുനബി(സ)ക്ക് കഴിയുന്നത്ര സമാധാനം സംരക്ഷിക്കലായിരുന്നു വലുത്.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഉണര്‍ത്തുപാട്ട് പാടിയ തിരുനബിയുടെ മതം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ആരോപണ വിധേയമാക്കപ്പെടുന്നതിലെ വിരോധാഭാസമാണ് കൂടുതല്‍ ഖേദകരം. എത്രയായാലും നബിദര്‍ശനങ്ങളുടെ സൗന്ദര്യവും മതത്തിന്റെ വിശാലതയും കളഞ്ഞു കുളിച്ചതില്‍ നബിസ്മരണയോടും സ്‌നേഹ പ്രകടനങ്ങളോടും പുറം തിരിഞ്ഞ് നില്‍ക്കുന്ന സലഫി ചിന്താധാരയുടെ പങ്ക് ചെറുതല്ല. പിന്തിരിപ്പന്‍ ചിന്താഗതികള്‍ മതത്തെ വികൃതമാക്കുന്നതില്‍ നിന്നും രക്ഷ നേടാന്‍, വിമോചനം സാധ്യമാകാന്‍ അക്കാദമിക് തലങ്ങളിലും ഗവേഷണ ലോകത്തും ശരിയായ രീതിയില്‍ നബിയും ദര്‍ശനങ്ങളും ഇനിയുമേറെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിമര്‍ശന സ്വഭാവമോ ഉത്തരം പറയല്‍ രീതിയോ സ്വീകരിക്കുന്നതിന്് പകരം സമ്പൂര്‍ണ രചനാത്മക സ്വഭാവത്തിലേക്ക് എത്തേണ്ടതുണ്ട്.

കാലചക്രമിങ്ങോട്ടൊരുപാട് സഞ്ചരിക്കുമ്പോള്‍ അന്യം നിന്നുപോകുന്ന ഇത്തരം സദ്ഗുണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഒരു പുരുഷായുസ്സ് മുഴുവന്‍ പിന്തുടരപ്പെടാന്‍ യോഗ്യമാം വിധം തിരുനബി ജീവിതം നമുക്കു മുന്നിലുണ്ട്. അവിടുന്ന് ജനിച്ച റബീഉല്‍ അവ്വല്‍ മാസം സമാധാന സന്ദേശ വാഹകനായ തിരുനബിയോര്‍മയുടേതാണ്. ഐക്യരാഷ്ട്രസഭ മുതല്‍ ചെറുതും വലുതുമായ സംഘടനകളും സമാധാന നൊബേല്‍ ജേതാക്കളും തിരുനബി(സ) ജീവിതം പഠിക്കണം. അവിടുത്തെ സുന്ദരമായ സന്ദേശങ്ങളുടെ പ്രചാരകരാകണമവര്‍. ഇങ്ങനെ, റബീഉല്‍ അവ്വല്‍ മാസവും ജന്മദിവസമായ 12മെല്ലാം മഹിതമായ തിരുദര്‍ശനങ്ങളുടെ പ്രകാശന നാളുകളാകണം.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here