അവര്‍ സഹജീവികള്‍; കൈത്താങ്ങാകണം

ഇന്ന് ലോക ജനസംഖ്യയുടെ 15ശതമാനം ജനങ്ങള്‍ ഭിന്നശേഷിക്കാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അവരോട് പൊതു സമൂഹത്തിനുള്ള നിഷേധാത്മക കാഴ്ചപ്പാട് മാറ്റിയെടുത്ത് അവര്‍ക്ക് സ്വയം പര്യാപ്തത നേടാനുള്ള അവസരമൊരുക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യത എന്നതിലുപരിയായി അവരുടെ അവകാശം കൂടിയാണെന്നുള്ളത് മറക്കാന്‍ പാടില്ല.  
Posted on: December 3, 2017 6:28 am | Last updated: December 2, 2017 at 11:58 pm

ഡിസംബര്‍ മൂന്ന് ലോകഭിന്നശേഷി ദിനമായി ആചരിക്കുകയാണ്. ലോകത്തിലെ ഭിന്ന ശേഷിവിഭാഗത്തില്‍ പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഇവര്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനുമാണ് ലോക ഭിന്നശേഷിദിനം ആചരിക്കുന്നത്. മാത്രമല്ല സമൂഹത്തില്‍ അവര്‍ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്‍മൂലനം ചെയ്ത് അവരെ സാധാരണജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിനുണ്ട്. ഇന്ന് ലോക ജനസംഖ്യയുടെ 15ശതമാനം ജനങ്ങള്‍ ഭിന്നശേഷിയുള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവരോട് പൊതു സമൂഹത്തിനുള്ള നിഷേധാത്മക കാഴ്ചപ്പാട് മാറ്റിയെടുത്ത് അവര്‍ക്ക് സ്വയം പര്യാപ്തത നേടാനുള്ള അവസരമൊരുക്കേണ്ടത് നമ്മുടെ ബാധ്യത എന്നതിലുപരിയായി അവരുടെ അവകാശം കൂടിയാണെന്നുള്ളത് മറക്കാന്‍ പാടില്ല.

1976 ലെ യു എന്‍ പൊതു സഭയിലാണ് ലോക വികലാംഗദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ലോകമെമ്പാടും ഭിന്നശേഷിയുള്ളവര്‍ക്ക്, പുനരധിവാസം, തുല്യ അവസരം ലഭിക്കല്‍, അവകാശസംരക്ഷണം തുടങ്ങിയവ മുന്നില്‍ക്കണ്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കാത്തിരുന്ന ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം(ജലൃീെി െംശവേ ഉശമെയശഹശശേല െഅര,േ ജണഉ) 1995 പാര്‍ലിമെന്റില്‍ പാസാക്കി. ഈ നിയമത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റെതായ ഗൗരവത്തോട് കൂടി രാജ്യത്ത് നടപ്പിലാക്കുകയാണെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ സ്വയം പര്യാപ്തത നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമായിരുന്നു. ‘പൂര്‍ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്നുള്ളതാണ് ഈ നിയമത്തിന്റെ ഉള്ളടക്കം.

21 വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഞജണഉ (ഞശഴവെേ ീള ജലൃീെി െണശവേ ഉശമെയശഹശശേല െമര)േ എന്ന ഒരു പുതിയ നിയമം കൂടി പാസാക്കി. 21 വിഭാഗങ്ങളാണ് ഈ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നത്. പുതിയതായി 14 വിഭാഗം ഭിന്നശേഷിക്കാര്‍ക്ക് കൂടി ഈ നിയമ പരിരക്ഷ ലഭിക്കുന്നു എന്നത് ആശാവഹമാണെങ്കിലും ആരോഗ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന നാട്ടില്‍ 21 വര്‍ഷത്തിനിടക്ക് 14 തരം ഭിന്നശേഷി വിഭാഗം ഉണ്ടായി എന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്.

രാജ്യത്തെ നല്ലൊരു ശതമാനം ആളുകള്‍ക്കും ചുറ്റുവട്ടത്ത് ഏതൊക്കെ വിധത്തിലുള്ള ഭിന്നശേഷിക്കാരുണ്ട് എന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ബഹുമുഖ വൈകല്യം തുടങ്ങി ജന്മനാ ഉള്ളതും ജനിച്ചതിന് ശേഷം വന്നതുമായ വിവിധ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന നിരവധി പേര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഇങ്ങനെ ഒരു കുട്ടി ജനിച്ചത് മൂലം ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഒരുതരം വിഷാദ രോഗത്തിനും ആശങ്കക്കും അടിമപ്പെട്ട് നില്‍ക്കുന്ന കുടുംബങ്ങളും ധാരാളമുണ്ട്. ഇവരുടെ പ്രയാസങ്ങള്‍ കൃത്യമായി മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഒരു പക്ഷേ നമ്മുടെ വളരെ ചെറിയ ഇടപെടല്‍ കൊണ്ട് ഇവരും ഇവരുടെ കുടുംബവും അനുഭവിക്കുന്ന പ്രയാസത്തില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. ഇവിടെയാണ് ഭിന്നശേഷി ദിനാചരണം പ്രസക്തമാകുന്നത്. ഭിന്നശേഷി വിഭാഗക്കാര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളും അവരുടെ കഴിവുകളും കാര്യഗൗരവത്തോട്കൂടി മനസ്സിലാക്കി നിലവിലെ സര്‍ക്കാര്‍, സര്‍ക്കാറിതര സംവിധാനങ്ങളും സഹായങ്ങളും ഉപയോഗിച്ച് കൂട്ടായ പരിശ്രമത്തോടെ ഈ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുപാടുമുണ്ട്.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള ഞജണഉ അര,േ ചമശേീിമഹ ഠൃൗേെ അര േതുടങ്ങിയ നിയമസംവിധാനങ്ങള്‍ ഇവര്‍ക്ക് എത്രമാത്രം സഹായകമാവുന്നു എന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ചമശേീിമഹ ഠൃൗേെ അര േപ്രകാരം ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍ അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിക്കുകയും ആക്ടിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുമുണ്ട്. ഇങ്ങനെ ഒരു സംവിധാനം കേരളത്തിലെ എത്ര വാര്‍ഡുകളിലുണ്ട്? സര്‍ക്കാര്‍, സര്‍ക്കാറിതര ജോലികളില്‍ മൂന്ന് ശതമാനം ഭിന്ന ശേഷിക്കാര്‍ക്ക് സംവരണം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ, ഈ ആനുകൂല്യങ്ങള്‍ ഭിന്ന ശേഷിക്കാര്‍ക്ക് കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഭിന്നശേഷി വിഭാഗത്തിന് വേണ്ടി കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇവര്‍ക്ക്‌വേണ്ടി ഫണ്ട് വകയിരുത്തുന്നതില്‍ ഒട്ടും പിന്നിലല്ല. വികലാംഗ പെന്‍ഷന്‍, ശ്രുതിതരംഗം, ആശ്വാസകിരണം, നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്നിങ്ങനെ പല പദ്ധതികളും ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വഴി പ്രത്യേക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, വിദ്യാഭ്യാസവകുപ്പില്‍ എസ് എസ് എ, ആര്‍ എം എസ് എ എന്നിവയുടെ ആഭിമുഖ്യത്തില്‍ സങ്കലിത വിദ്യാഭ്യാസം എന്ന പദ്ധതിയും കേരളത്തില്‍ നടപ്പിലാക്കുന്നുണ്ട്. മാത്രമല്ല, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ എന്ന പരമപ്രധാനമായ പരിപാടിയും നടത്തിവരുന്നുണ്ട്.
ആരോഗ്യ – വിദ്യാഭ്യാസമേഖലയില്‍ കേരളം വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും ഭിന്ന ശേഷിയുള്ള കുട്ടികളുടെ ജനന നിരക്ക് അനുദിനം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഒരു ഭിന്ന ശേഷിയുള്ള കുട്ടി ജനിച്ച് കഴിഞ്ഞാല്‍ എത്രയും വേഗം ആ കുട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കുകയും കുട്ടിക്ക് ആവശ്യമായ പരിശീലനവും ആവശ്യമെങ്കില്‍ ചികിത്സയും നല്‍കുക എന്നത് പരമ പ്രധാനമായ കാര്യമാണ്. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും കച്ചവടക്കണ്ണോടുകൂടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഭിന്ന ശേഷിയുള്ള കുട്ടിക്ക് അനുയോജ്യമായ ചികിത്സയും പരിശീലനവും കിട്ടുന്ന ഇടം തെളിഞ്ഞ് കാണാനില്ലെങ്കില്‍ എത്ര വലിയ പണക്കാരനായാലും വളരെ പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത് സാധാരണമാണ്.

കുട്ടി ജനിച്ചതിന് ശേഷം കുട്ടിക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ അല്ലെങ്കില്‍ അസുഖങ്ങള്‍ നേരിടുമ്പോള്‍ നാട്ടുനടപ്പനുസരിച്ച് ഒരു അലോപ്പതി ഡോക്ടറെ കണ്ട് ചികിത്സ നല്‍കും. എന്നാല്‍ രക്ഷിതാവ് പ്രതീക്ഷിക്കുന്ന മാറ്റം കുട്ടിക്ക് ഉണ്ടാകുന്നില്ലെങ്കില്‍ ശേഷം ആയുര്‍വേദ ഡോക്ടറെ കാണിച്ച് ചികിത്സിക്കും. അതിന്റെയും ഫലം സന്തോഷകരമല്ലെങ്കില്‍ ഹോമിയോ, യൂനാനി തുടങ്ങിയ സംസ്ഥാനത്തിനകത്തും പുറത്തും ലഭിക്കുന്ന ഉയര്‍ന്ന ചികിത്സ നടത്തി ഒരു മെഡിക്കല്‍ ഷോപ്പിംഗ് കഴിഞ്ഞ് നില്‍ക്കുന്നവരായിരിക്കും മിക്ക രക്ഷിതാക്കളും. വൈകല്യം ഒരു രോഗമല്ല. ഒരു അവസ്ഥയാണെന്ന് മനസ്സിലാക്കാന്‍ വൈകുന്നത് ഇതിന് കാരണമാണ്. ഭിന്ന ശേഷിയുള്ള കുട്ടികളുടെ പരിമിതികളും കഴിവുകളും കൃത്യമായി മനസ്സിലാക്കി അതിനനുയോജ്യമായ പരിശീലനവും ഉപകരണവും നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.

ഇന്ന് കേരളത്തില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളിലും സാധാരണ സ്‌കൂളുകളിലുമായി ഏകദേശം ഒന്നര ലക്ഷത്തോളം ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്. കേള്‍വി പരിമിതിയുള്ളവര്‍, കാഴ്ച പരിമിതിയുള്ളവര്‍, ബുദ്ധിമാന്ദ്യം, അസ്ഥിസംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം, പഠന വൈകല്യം, സെറിബ്രല്‍ പാള്‍സി, ബഹുവിധ വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവരാണ് ഈ കുട്ടികള്‍. സ്‌പെഷ്യല്‍ സ്‌കൂളില്‍ പ്രത്യേക വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കായിക പരിശീലനങ്ങള്‍ എന്നിവ നല്‍കുന്നു. തീവ്രമായ ശാരീരിക – മാനസിക വെല്ലുവിളികള്‍ മൂലം സ്‌കൂളില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ പോയി ‘ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം’ എസ് എസ് എ മുഖേന പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് അധ്യാപകര്‍ വഴി നടത്തിവരുന്നുണ്ട്.
മാത്രമല്ല, മെഡിക്കല്‍ ക്യാമ്പ്, ഉപകരണ വിതരണം, രക്ഷാകര്‍തൃ വിദ്യാഭ്യാസം, പൊതു വിദ്യാലയങ്ങളില്‍ തത്സമയ പിന്തുണ, സഹവാസ ക്യാമ്പ്, തുടങ്ങിയ പരിപാടികള്‍ക്കും എസ് എസ് എ നേതൃത്വം നല്‍കുന്നു. ആര്‍ എം എസ് എ യുടെ കീഴില്‍ സെക്കന്‍ഡറി തലത്തില്‍ ഭിന്നശേഷിക്കാര്‍ക്ക്് റിസോഴ്‌സ് അധ്യാപകര്‍ പരിശീലനം നല്‍കുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ ഉള്ളത് മൂലം 12 വയസ്സ് വരെ തൊട്ടിലില്‍ കഴിഞ്ഞ കുട്ടികളെഅവര്‍ക്ക് അനുയോജ്യമായ പരിശീലന-തെറാപ്പികള്‍ നല്‍കി പുറംലോകത്ത് എത്തിച്ച ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. ഇത് ഈ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയധികം ആശാസ്യകരമാണ്. അതു പോലെ തന്നെ സംസാര പരിശീലനം, ഫിസിയോതെറാപ്പി എന്നിവയും സൗജന്യമായി നല്‍കുന്നുണ്ട്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഓരോ സ്‌കൂളിലും ഈ മേഖലയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഓരോ റിസോഴ്‌സ് അധ്യാപകനെ നിയമിക്കുകയും ഇവര്‍ക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്നത് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു. ഇത് നടപ്പിലാക്കിയാല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന പഠനേതര മേഖലയില്‍ മുന്നോട്ടു വരാന്‍ കഴിയുകയും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാകാനും സാധിക്കും. സ്‌കൂള്‍ പ്രായം കഴിഞ്ഞവര്‍ക്ക് ഓരോരുത്തര്‍ക്കും ആനുയോജ്യമായ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുകയും സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്താല്‍ ഇവര്‍ക്ക് സമൂഹത്തില്‍ സാധാരണക്കാരെ പോലെ ജീവിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഇക്കാര്യത്തില്‍ വിവിധ മത, സാമൂഹിക, സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സേവനം അങ്ങേയറ്റം പ്രശംസനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഭിന്നശേഷി വിഷയത്തില്‍ ഔദ്യോഗിക സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കുന്നത്.
(സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് റിസോഴ്‌സ് ടീച്ചേഴ്‌സ്-കേരള മുന്‍ അധ്യക്ഷനാണ് ലേഖകന്‍)