കന്നാസില്‍ കിടന്ന് ക്ലമന്റ് നീന്തി, ജീവിതത്തിലേക്ക്

തിരുവനന്തപുരം
Posted on: December 2, 2017 11:50 pm | Last updated: December 2, 2017 at 11:35 pm

ദേവരാജനും ജോസഫിനും ക്ലമന്റിനും കുമാറിനുമെല്ലാം ഇത് രണ്ടാം ജന്മമാണ്. ഇവര്‍ക്ക് മാത്രമല്ല, കൊടുങ്കാറ്റിനോട് പടവെട്ടി, കടലിനോട് പൊരുതി ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കാതെ കരയില്‍ തിരിച്ചെത്തിയ ഓരോരുത്തര്‍ക്കും ഇത് രണ്ടാം ജന്മമാണ്. ആര്‍ത്തലക്കുന്ന കടലില്‍ വള്ളത്തിലും ബോട്ടുകളിലും ഒറ്റപ്പെട്ടുപോയി ജീവനുവേണ്ടി പോരാടിയ കടലിന്റെ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും പറയാനുണ്ട് ഓരോ കഥകള്‍. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍, കണ്ണ് തുറന്നു പിടിക്കാന്‍ പോലും സമ്മതിക്കാതെ വീശുന്ന കൊടുങ്കാറ്റ്. ഇതിനിടയില്‍ പത്ത് മണിക്കൂറോളം പൂന്തുറ സ്വദേശി ക്ലമന്റിന്റെ ജീവന്‍ പിടിച്ചു നിന്നത് കൈയിലുണ്ടായിരുന്ന കന്നാസിന്റെ ശക്തിയില്‍ മാത്രം.

പൂന്തുറയില്‍നിന്ന് പോയ അഞ്ച് വള്ളങ്ങളില്‍ ഒന്നിലായിരുന്നു ക്ലമന്റും സുഹൃത്തുക്കളും. തിരയിലും കാറ്റിലും പെട്ട് വള്ളത്തില്‍നിന്ന് തെറിച്ച് കടലില്‍ വീണപ്പോഴാണ് വള്ളത്തില്‍ നിന്നുവീണ കന്നാസ് ക്ലമന്റിന്റെ കൈയില്‍ കിട്ടിയത്. കന്നാസില്‍ പിടിച്ച് നീന്തിയപ്പോള്‍ പിടിവള്ളിയായി ഒരു കയറും കൈയില്‍കിട്ടി. കന്നാസില്‍ നിന്ന് കൈവിട്ട് പോകാതിരിക്കാന്‍ കൈയ്യും കന്നാസും ചേര്‍ത്ത് കെട്ടിവെച്ചു. ദിശയറിയാതെ എങ്ങോട്ടൊക്കെയോ ഒഴുകി നടന്നു. രാത്രിയോടെ ഒരു ബോട്ടിന്റെ മുന്നിലെത്തിയെങ്കിലും വൈകാതെ എന്‍ജിന്‍ തകര്‍ന്ന് ആ ബോട്ടും അപകടത്തിലായി. പിന്നീട് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ കരക്കെത്തി. ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും രക്ഷപ്പെട്ട് കരക്കെത്തിയിട്ടുണ്ട്.

പൂവാര്‍ സ്വദേശിയായ എഡ്മണ്ടിന് നാട്ടുകാരുടെ കഠിന പ്രയത്‌നം കൊണ്ട് മാത്രമാണ് കരയിലേക്കെത്താന്‍ കഴിഞ്ഞത്. ഒരു വള്ളത്തില്‍ അവശനിലയില്‍ തൂങ്ങിപ്പിടിച്ചു കിടന്ന എഡ്മണ്ടിനെ നാട്ടുകാരാണ് കണ്ടെത്തിയത്. ചെറിയ വള്ളത്തില്‍നിന്ന് ഒഴുകി നടക്കുന്ന മറ്റൊരു വള്ളത്തില്‍ കയറാന്‍ നാട്ടുകാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ എഡ്മണ്ട് വലിയ വള്ളത്തില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിറയെ വെള്ളമായിരുന്നു. ഇത് കോരിക്കളയാനുള്ള ശ്രമത്തിനിടെ വള്ളം മറിഞ്ഞു. ഇതോടെ പിടിവള്ളി നഷ്ടമായ എഡ്മണ്ട് കരയിലേക്ക് നീന്താന്‍ തുടങ്ങി. കരയിലുണ്ടായിരുന്നവര്‍ എഡ്മണ്ടിനെ രക്ഷിക്കാന്‍ മറ്റൊരു വള്ളം കടലിലേക്കിറക്കിയെങ്കിലും ശക്തമായ തിരയടി കാരണം നടന്നില്ല. ഇതിനിടെ നീന്താനാകെ എഡ്മണ്ട് അവശനിലയിലുമായി. തുടര്‍ന്ന് കുറേപേര്‍ വലിയ വടവുമായി കടലിലേക്കിറങ്ങി നീന്തി. കനത്ത തിരയടി വകവെക്കാതെ അവര്‍ എഡ്മണ്ടിന്റെ അരികിലെത്തി. എന്നാല്‍ വടത്തില്‍ പിടിച്ചുകിടക്കാന്‍ പോലുമാകാതെ എഡ്മണ്ട് അബോധാവസ്ഥയിലായി. തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളെ കൈയില്‍ താങ്ങിയെടുത്ത് വടത്തില്‍പിടിച്ച് കിടന്നു. കരയിലുണ്ടായിരുന്നവര്‍ വടംവലിച്ച് ഇവരെ കരക്കടുപ്പിച്ചു. എഡ്മണ്ടിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭീതിയുടെ രണ്ട് രാത്രികള്‍ കടലില്‍ തള്ളിനീക്കിയതിന്റെ കഥയാണ് രക്ഷപ്പെട്ടെത്തിയ ആല്‍ബര്‍ട്ടിന് പറയാനുള്ളത്. ഒരു ദിവസം കൂടി വൈകിയരുന്നെങ്കില്‍ തങ്ങളുടെ കൂട്ടത്തിലുള്ള മൂന്ന് പേരും ജീവനോടെയുണ്ടാകില്ലായിരുന്നു. തങ്ങളുടെ ബോട്ടില്‍ തിരികെ പോരുമ്പോള്‍ മറ്റ് രണ്ട് ബോട്ടുകള്‍ കമഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു. ഒന്നിന് മുകളില്‍ മൂന്ന് പേരും മറ്റൊന്നില്‍ ഒരാളും. രക്ഷക്കായി കേഴുകയായിരുന്നു അവര്‍. എന്നാല്‍ തങ്ങള്‍ക്ക് അങ്ങോട്ട് പോകാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. തങ്ങള്‍ അകന്ന് പോകുമ്പോഴും അവര്‍ തുണി വീശിക്കൊണ്ടേയിരുന്നു. തങ്ങള്‍ ബോട്ടില്‍ കരുതിയ ഭക്ഷണമെല്ലാം തീര്‍ന്നിരുന്നു. മഴയില്‍ കാലുകള്‍ മരവിച്ച് രക്തയോട്ടമില്ലാതായി. പലപ്പോഴായി രണ്ട് മണിക്കൂര്‍ വീതം മുന്നോട്ട് കുതിച്ചശേഷം നങ്കൂരമിട്ടു. രണ്ട് എന്‍ജിനുകളില്‍ ഒന്ന് തിരയില്‍ തകര്‍ന്നു. ഉള്ളില്‍ കയറിയവെള്ളം തങ്ങള്‍ കോരിക്കളഞ്ഞു. തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഉപകരണങ്ങളില്‍ പലതും ഒലിച്ചുപോയി. തങ്ങള്‍ എങ്ങനെയോ കര കണ്ടു… ആല്‍ബര്‍ട്ട് പറയുന്നു.