Connect with us

National

ഓഖി ചുഴലി ലക്ഷദ്വീപില്‍; വന്‍ നാശം, എട്ട് പേരെയുമായി മഞ്ച് കടലിലേക്ക് ഒഴുകിപ്പോയി

Published

|

Last Updated

കവരത്തി/കൊച്ചി: ഭീതിവിതച്ച് ഓഖി ചുഴലി ലക്ഷദ്വീപില്‍ അടച്ചുവീശി. രാവിലെ മുതല്‍ വീശിയ ശക്തമായ കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വന്‍ വൃക്ഷങ്ങള്‍ കടപുഴകി. കവരത്തിയില്‍ എട്ട് പേരുമായി ബാര്‍ജ് കടലിലേക്ക് ഒഴുകിപ്പോയി. ഇവരോട് ബാര്‍ജില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. ഇവര്‍ക്കായി തീരദേവശ സേന ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. കവരത്തിയില്‍ ഹെലികോപ്റ്ററുകള്‍ കുറവായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

കവരത്തി, അഗത്തി, അമിനി ദ്വീപുകളിലാണ് കാറ്റ് ശക്തമായി അടിച്ചുവീശുന്നത്. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. അഗത്തിയില്‍ ബോട്ടുകള്‍ എല്ലാം കരക്കടുപ്പിച്ചിട്ടുണ്ട്. കവരത്തിയില്‍ പുറങ്കടലിലുണ്ടായിരുന്ന എംഎസ്വി അല്‍-നൂര്‍ എന്ന മഞ്ച് മുങ്ങി. ഏഴു ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചരക്ക് കപ്പല്‍ എംവി കോടിത്തല രക്ഷപ്പെടുത്തി.

കല്‌പേനി, മിനിക്കോയ് ദ്വീപുകളിലും രൂക്ഷമായ കടലാക്രമണം ഉണ്ടായി. ഇവിടങ്ങളില്‍ ആറ് മീറ്ററിലധികം ഉയരത്തില്‍ തിര വന്നു. കവരത്തിയില്‍ അഞ്ചോളം ബോട്ടുകള്‍ കടലില്‍ മുങ്ങി. മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല.