Connect with us

International

ഷെറിന്‍ മാത്യൂസ് വധം: കുട്ടിയുടെ കൈയെല്ലുകള്‍ പൊട്ടിയതെങ്ങനെയെന്ന് കോടതി

Published

|

Last Updated

ന്യൂയോര്‍ക്ക്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളിയായ നാല് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ ഡാളസ് കൗണ്ടി കോടതിയില്‍ ഹാജരായി. ഷെറിനെ കാണാതായ അന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്ത മകളെ തിരിച്ചുകിട്ടാന്‍ നല്‍കിയ ഹരജിയിലെ വിചാരണക്കാണ് വെസ്‌ലി മാത്യൂസും സിനി മാത്യൂസും ജയിലില്‍ നിന്ന് കോടതിയിലെത്തിയത്.

കോടതി മുമ്പാകെ ഹാജരായ സിനി മാത്യൂസ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ഭരണഘടനയിലെ അഞ്ചാം ഭേദഗതിയിലെ അവകാശങ്ങളില്‍ പറയുന്ന “നിശ്ശബ്ദത”യില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു. 37 മിനുട്ടാണ് സിനി സാക്ഷിക്കൂട്ടില്‍ നിന്നത്. ഷെറിന്‍ അപ്രത്യക്ഷമായ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും കഴിഞ്ഞ വര്‍ഷം ഷെറിന്റെ ശരീരത്തില്‍ പല ഭാഗങ്ങളിലും എല്ലുകള്‍ പൊട്ടിയതിനെക്കുറിച്ചും, ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവ ഒടിയാനുള്ള കാരണവും കോടതി ചോദിച്ചു. ഉത്തരം പറയാതിരുന്ന ഷെറിനോട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. എല്ലുകള്‍ പൊട്ടിയത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാണെന്ന് സിനി ഡോക്ടറോട് പറഞ്ഞിരുന്നോ എന്നും കോടതി ആരാഞ്ഞു.
എന്നാല്‍, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങി തന്റെ നാല് വയസ്സുകാരി മകളെ കാണണമെന്നാണ് സിനി കോടതിയോട് ആവശ്യപ്പെട്ടത്. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് വെസ്‌ലിയെ വിസ്തരിച്ചത്. പ്രൊസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്കൊന്നും വെസ്‌ലിയും മറുപടി പറഞ്ഞില്ല. എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിന് മുമ്പ് വെസ്‌ലിയുടെ അഭിഭാഷകന്റെ മുഖത്തു നോക്കും. അഭിഭാഷകന്‍ കൈകൊണ്ട് “അഞ്ച്” എന്ന് ആംഗ്യം കാണിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും വെസ്‌ലിയും ഭരണഘടനയുടെ അഞ്ചാം ഭേദഗതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ മൂന്ന് സാക്ഷികളില്‍ ഡോക്ടര്‍ സൂസനെ മാത്രമാണ് ഇന്നലെ വിസ്തരിച്ചത്. 2017 ഫെബ്രുവരിയില്‍ കാല്‍ മുട്ടിലെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായി ഷെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അവര്‍ മൊഴി നല്‍കി. പരുക്കുകളെല്ലാം ഇന്ത്യയില്‍ വെച്ചുണ്ടായതെന്നാണ് സിനി പറഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കുട്ടിയുടെ കൈമുട്ടിലെ എല്ലിനു പൊട്ടലുണ്ടായിരുന്നു. മൂത്ത കുട്ടി സോഫയില്‍ നിന്നു തള്ളി താഴെ ഇട്ടതുമൂലമാണ് എല്ല് പൊട്ടിയതെന്നായിരുന്നു സിനി പറഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു.

Latest