Connect with us

Editorial

ഇങ്ങനെ എത്രകാലം മുന്നോട്ട് പോകും?

Published

|

Last Updated

ജനജീവിതം പാടേ സ്തംഭിപ്പിക്കുകയും പൗരാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന, തികച്ചും ജനാധിപത്യ വിരുദ്ധമായ ഹര്‍ത്താല്‍ എന്ന സമരമുറ ഇല്ലാതാക്കാന്‍ കോടതികള്‍ കുറേ ശ്രമിച്ചു നോക്കി. മുമ്പ് ബന്ദ് എന്ന പേരില്‍ നടത്തി വന്നിരുന്ന ഈ പ്രാകൃത സമരത്തെ 1997-ല്‍ കേരളാ ഹൈക്കോടതി നിരോധിച്ചു. സുപ്രീം കോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തു. ജനം ആശ്വസിച്ചെങ്കിലും ഏറെ വൈകാതെ ഹര്‍ത്താല്‍ എന്ന പേരില്‍ കൂടുതല്‍ ഉഗ്രരൂപം പൂണ്ട് അത് പുനഃരതരിച്ചു. ഹര്‍ത്താല്‍ നിരോധിച്ചാല്‍ മറ്റൊരു പേരില്‍ പിന്നെയും നിലനില്‍ക്കുമെന്ന് മനസ്സിലാക്കിയതു കൊണ്ടായിരിക്കണം നീതിപീഠങ്ങള്‍ പിന്നീട് നിരോധത്തിന് മുതിര്‍ന്നില്ല. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി ഹൈക്കോടതി മുമ്പാകെ വന്നെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.

ഇനിയിപ്പോള്‍ ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള വഴികളെക്കുറിച്ചാണ് കോടതികളുടെ ആലോചന. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഉത്തരവില്‍ ഹര്‍ത്താലിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക കോടതി സ്ഥാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതിയില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ എ കെ. ഗോയല്‍, യു യു ലളിത് എന്നിവരുള്‍ക്കൊള്ളുന്ന ബഞ്ച് ആവശ്യപ്പെടുകയുണ്ടായി. സ്വത്തുക്കള്‍ നശിപ്പിക്കുന്ന സംഘടനകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു.

ഓരോ ഹര്‍ത്താലിലും നാടിനും ജനങ്ങള്‍ക്കും കനത്ത ദുരിതങ്ങളാണ് നേരിടേണ്ടിവരുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഒരു പാര്‍ട്ടിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം അത് വിജയിപ്പിക്കാന്‍ അണികളോടുള്ള ആഹ്വാനം കൂടിയാണ്. എന്ത് അതിക്രമം കാണിച്ചും വിജയിപ്പിക്കുമെന്ന ദൃഢനിശ്ചയത്തോടെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നത്. ഓടുന്ന വാഹനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്ന കടകളും കല്ലെറിഞ്ഞും തീയിട്ടും അടിച്ചും തകര്‍ക്കുന്നു. അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോഴത്തെ ഹര്‍ത്താലുകള്‍. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങള്‍ വഴി സംഭവിക്കുന്ന പ്രത്യക്ഷമായ നഷ്ടങ്ങളുടെ അനേക മടങ്ങാണ് കടകള്‍ അടച്ചിടുകയും വ്യവസായ ശാലകള്‍ പ്രവര്‍ത്തന രഹിതമാകുകയും സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലമാവുകയും ചെയ്യുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും സംഭവിക്കുന്നത്. ഒറ്റ ദിവസം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് 1500 കോടി രൂപയിലേറെയാണെന്നാണ് കണക്കാക്കുന്നത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാനുള്ള ശ്രമം നടത്തുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ കനത്ത തിരിച്ചടിയാവുകയാണ്. സ്വതവേ ദുര്‍ബലമായ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഇത് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഇതും പരിഹരിക്കപ്പെടേണ്ടതല്ലേ?
ജനങ്ങളുടെ പൗരാവകാശങ്ങളിലേക്കും

വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. സമരാനുകൂലികള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരും പരുക്കേറ്റു ജീവിതം വഴിമുട്ടിയവരും നിരവധിയാണ്. അത്യാസന്നരായ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കാതെ മരണപ്പെട്ട സംഭവങ്ങളുമുണ്ട്. യഥാസമയം വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ജോലി നഷ്ടപ്പെട്ട് വഴിയാധാരമായവരുമുണ്ട്. പൗരാവകാശ ലംഘനങ്ങളാണ് ഹര്‍ത്താല്‍ ദിനങ്ങളില്‍ നാട്ടിലുടനീളം അരങ്ങേറുന്നത്. കടയടക്കാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതോ ഉപദ്രവിക്കുന്നതോ യാത്ര തടസ്സപ്പെടുത്തുന്നതോ പൗരാവകാശ ലംഘനവും കുറ്റകരവുമാണ്. ജീവന്‍ ഭയന്നു പുറത്തിറങ്ങാത്ത ആളുകളെയും നിരത്തിലിറക്കാത്ത വാഹനങ്ങളെയും നാശനഷ്ടങ്ങള്‍ പേടിച്ചു തുറക്കാത്ത കടകളെയും ചൂണ്ടിക്കാട്ടി സമരം പൂര്‍ണ വിജയമെന്ന് അവകാശപ്പെടുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് രാജ്യത്ത് ഏതെങ്കിലുമൊരു ഹര്‍ത്താല്‍ ലക്ഷ്യം നേടിയതായി ചൂണ്ടിക്കാണിക്കാനാകുമോ? പിന്നെ ആര്‍ക്കു വേണ്ടിയാണ് ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നത്? കോടതികള്‍ ഹര്‍ത്താലുകളോടനുബന്ധിച്ച് അരങ്ങേറുന്ന അക്രമങ്ങളിലെ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തതു കൊണ്ടു മാത്രമായില്ല, ജനങ്ങളെ ഈ ജനദ്രോഹ സമരത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന് തുറുങ്കിലടക്കാനുള്ള നിയമമാണ് ആവശ്യം. എത്രകാലം ഇതിങ്ങനെ മുന്നോട്ടുപോകുമെന്ന് വിധിപ്രസ്താവത്തിനിടെ കോടതി തന്നെ ചോദിക്കുകയുണ്ടായി. അതുതന്നെയാണ് കോടതിയോട് പൊതുസമൂഹത്തിനും ചോദിക്കാനുള്ളത്.

Latest