ഗര്‍ഷോം പുരസ്‌കാരം പ്രഖ്യാപിച്ചു

Posted on: November 30, 2017 9:41 pm | Last updated: November 30, 2017 at 9:41 pm

ദുബൈ: സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടില്‍ മലയാളിയുടെ യശസ് ഉയര്‍ത്തുകയും ചെയ്തവര്‍ക്ക് ഗര്‍ഷോം ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഡോ. പി എ ഇബ്‌റാഹീം ഹാജി (ദുബൈ), പ്രശാന്ത് മങ്ങാട്ട് (അബുദാബി), അബ്ദുല്‍ മജീദ് (സഊദി അറേബ്യ), സ്‌പെല്ലിങ് ബീ അവാര്‍ഡ് ജേതാവ് അനന്യ വിനയ് (അമേരിക്ക), ജാനറ്റ് മാത്യൂസ് (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രമോദ് മങ്ങാട്ട് (അബുദാബി), അനില്‍കുമാര്‍ വാസു (ദുബൈ), ടിനോ തോമസ് (ബാംഗ്ലൂര്‍) എന്നിവരാണ് 12-ാമത് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. പ്രവാസി റിട്ടേണി പുരസ്‌കാരത്തിന് കോട്ടയത്തെ മംഗോമെഡോസ് സ്ഥാപകന്‍ എന്‍ കെ കുരിയന്‍ (കോട്ടയം) അര്‍ഹനായി. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായി ജപ്പാനിലെ നിഹോന്‍കൈരളിയെയും മികച്ച പ്രവാസി മലയാളി സംരംഭമായി ബാംഗളൂരിലെ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയെയും തിരഞ്ഞെടുത്തു. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യ പസിഫിക് ഡയറക്ടര്‍ ജോസഫ് സ്‌കറിയ ജൂനിയര്‍ (ഫിലിപ്പീന്‍സ്) ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

നാളെ (വെള്ളി) വൈകുന്നേരം ഏഴിന് ദുബൈ അറ്റ്‌ലാന്റിസ് ദി പാമില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. യു എ ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ യമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കര്‍ വി വൈത്തിലിംഗം, കര്‍ണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു ടി ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.