Connect with us

Gulf

രാജ്യത്തിന് വേണ്ടി സേവനം ചെയ്തവര്‍ക്ക് ഭരണാധികാരികളുടെ ആദരം

Published

|

Last Updated

അബുദാബി: യു എ ഇക്കുവേണ്ടി സേവനം ചെയ്ത 46 വ്യക്തിത്വങ്ങളെ രാജ്യം ആദരിച്ചു. അബുദാബി സാദിയാത് ദ്വീപിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ഒന്നിച്ചാണ് വിവിധ തുറകളില്‍ സേവനം ചെയ്തവരെ ആദരിച്ചത്.

രാജ്യത്തിന്റെ നാല്‍പത്തിയാറാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിലായിരുന്നു പരിപാടി. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയാണ് ആദ്യം ആദരവ് ഏറ്റുവാങ്ങിയത്. ജോര്‍ദാന്‍ – യു എ ഇ സംയുക്തമായി നടത്തുന്ന സിറിയന്‍ അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി ഒരു ആശുപത്രി തുറക്കുകയും ചെയ്ത മനുഷ്യ സ്‌നേഹത്തിനായിരുന്നു ആദരം. യമന്‍ യുദ്ധത്തില്‍ ജീവന്‍ ത്യജിച്ചവരുടെ കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. നന്മയുടെ വര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനമായ ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷനും ആദരവിന് അര്‍ഹമായി.

1983 മുതല്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു വൈജ്ഞാനിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കിയ വിദ്യാഭ്യാസ വിചക്ഷണന്‍ ജുമാ അല്‍ മാജിദും ആദരിക്കപ്പെട്ടവരിലുണ്ട്. ഭിന്നശേഷിക്കാരുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചവര്‍, ആരോഗ്യ മേഖലയിലെ സേവകര്‍, അധ്യാപകര്‍, രാജ്യത്തിനു പുറത്തു സേവനങ്ങളില്‍ മുഴുകിയ ഡോക്ടര്‍മാര്‍ എന്നിവരെല്ലാം ആദരിക്കപ്പെട്ടവരില്‍ ഉള്‍പെടുന്നു. ഷാര്‍ജ സിറ്റി ഹ്യുമാനിറ്റേറിയന്‍ സര്‍വീസസും അവാര്‍ഡിന് അര്‍ഹമായി. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെയും ചടങ്ങില്‍ ആദരിച്ചു. ആഫ്രിക്ക, മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സാമൂഹ്യ ജീവ കാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനക്കാണ് ആദരവ്.

 

---- facebook comment plugin here -----

Latest