കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

Posted on: November 28, 2017 7:44 pm | Last updated: November 28, 2017 at 7:44 pm
SHARE

ഖോര്‍ഫുഖാന്‍: ഭീമാകാരനായ തിമിംഗലത്തിന്റെ ജഡം ഖോര്‍ഫുഖാന്‍ തീരത്തു കണ്ടെത്തി. 16 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം രാവിലെ ആറുമണിയോടെ മത്സ്യബന്ധത്തിനിറങ്ങിയ തൊഴിലാളിയാണ് അന്താരാഷ്ട്ര കണ്ടൈനര്‍ തുറമുഖത്തിനോട് ചേര്‍ന്ന് കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു.
കരയിലേക്ക് വലിച്ചു നീക്കുവാനായി പരിശ്രമങ്ങള്‍ തുടരുകയാണെന്ന് ഷാര്‍ജ പരിസ്ഥിതി-സംരക്ഷിത മേഖലാ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഹന സൈഫ് അല്‍ സുവൈദി പറഞ്ഞു.

ആഫ്രിക്കന്‍ കടലിടുക്കില്‍ കപ്പലുകളുടെ പ്രോപല്ലുകളില്‍ നിന്നേറ്റ മുറിവിനാല്‍ കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.
ശക്തമായ തിരമാലയും കാറ്റും തിമിംഗലത്തെ ഖോര്‍ഫുഖാന്‍ തീരത്തേക്ക് എത്തിച്ചുവെന്നാണ് കണക്കുകൂട്ടുന്നത്. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ഷാര്‍ജ എന്‍വിറോണ്മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റിയെയും ഖോര്‍ഫുഖാന്‍ നഗരസഭാ അധികൃതരെയും സംഭവം അറിയിക്കുകയായിരുന്നു.
കല്‍ബയിലെ പ്രധാന സംരക്ഷിത മേഖലയില്‍ തിമിംഗലത്തിന്റെ നട്ടെല്ല് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
അപകടകാരിയായ നീല തിമിംഗലങ്ങളെയടക്കം വിവിധ ഇനത്തില്‍ പെടുന്ന തിമിംഗലങ്ങളുടെ സാന്നിധ്യം യു എ ഇയുടെ കിഴക്കന്‍ തീരത്തും ഒമാന്‍ കടലിലും ഈയിടെയായി കണ്ടു വരുന്നുണ്ട്. വലിയ മല്‍സ്യങ്ങളെയടക്കം കൊന്നു തിന്നുന്ന പ്രത്യേക ഇനമായ ഓര്‍ക്ക തിമിംഗലങ്ങളുടെ സാന്നിദ്ധ്യവും ഒമാന്റെ അധീനതയിലുള്ള മുസന്ദം അര്‍ധ ദ്വീപില്‍ കണ്ടെത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here