Connect with us

Palakkad

ജില്ലാ ആശുപത്രിയില്‍ പരിശോധന നിഷേധിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം നടത്തി

Published

|

Last Updated

പാലക്കാട്: എം ബി ബി എസ് പഠനത്തിന്റെ ഭാഗമായ ഒ പി പരിശോധന നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് ഗവ: മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ ജില്ലാ ആശുപത്രിയില്‍ സമരം നടത്തി.
പട്ടികജാതി വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളജില്‍ പഠിക്കുന്നവര്‍ക്ക് പ്രായോഗിക പരിശീലന സൗകര്യം നല്‍കേണ്ടത് ജില്ലാ ആശുപത്രിയിലാണ്. ആഴ്ചയില്‍ കുറഞ്ഞത് നാലു ദിവസമെങ്കിലും ഒ പിയും അനുബന്ധ സൗകര്യങ്ങളും അനുവദിച്ചാലേ പഠനം മുന്നോട്ടുകൊണ്ടുപോകാനാവു. എന്നാല്‍ നിലവില്‍ വ്യാഴാഴ്ച മാത്രമാണ് ഒ പി അനുവദിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിനു പുറമെ ഒന്നിടവിട്ട ശനിയാഴ്ചകളിലും ഒ പി നല്‍കും.

ഇതുമൂലം എല്ലാ വിഭാഗം ഒ പികളിലും പഠിക്കാനാവാത്ത സ്ഥിതിയാണ്. പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതായതോടെയാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. മെഡിക്കല്‍ കോളജ് ഫണ്ട് ഉപയോഗിച്ച് ജില്ലാ ആശുപത്രിയില്‍ തയ്യാറാക്കിയ അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവിലെ സൗകര്യങ്ങളില്‍ രണ്ടുബാച്ച് വിദ്യാര്‍ഥികള്‍ തന്നെ തിങ്ങിനിറയുന്ന സ്ഥിതിയാണ്.

ഒന്നരമാസം കഴിഞ്ഞാല്‍ മൂന്നാമത്തെ ബാച്ചും ഇവിടേക്ക് വരണം. ഇത്രയും പേര്‍ക്കുള്ള സൗകര്യമൊരുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല.

ഓപ്പറേഷന്‍ തിയേറ്ററിലും മാറ്റിനിര്‍ത്തുന്ന സ്ഥിതിയാണെന്ന് പരാതിയുണ്ട്. ആരോഗ്യവകുപ്പും പട്ടികജാതി വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയും വിദ്യാര്‍ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. 70 ശതമാനവും പട്ടികജാതിപട്ടികവര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
ഇവരെ അവഗണിക്കുന്നതാണെന്ന പരാതിയുമുണ്ട്. രാവിലെ ജില്ലാ ആശുപത്രിക്കു മുന്നില്‍ ആരംഭിച്ച സമരത്തിന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ജി അജിത്ത്, ജനറല്‍ സെക്രട്ടറി വിഷ്ണുരാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആതിര പ്രതാപ്, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബി രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൂചനാ സമരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനവും നടത്തി.