മസാജിനായി ക്ഷണിച്ച് ഹോട്ടല്‍ മുറിയില്‍ ഈജിപ്ഷ്യന്‍ എന്‍ജിനിയറെ കൊള്ളയടിച്ചു

Posted on: November 27, 2017 7:44 pm | Last updated: November 27, 2017 at 7:44 pm
SHARE

ദുബൈ: ഫേസ്ബുക്കിലൂടെ പരസ്യം നല്‍കി എന്‍ജിനിയറെ വശീകരിച്ച് മസാജിനായി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി കൊള്ളയടിച്ചുവെന്ന് പരാതി. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് നൈജീരിയന്‍ യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് 179,000 ദിര്‍ഹം (ഏതാണ്ട് 31 ലക്ഷം രൂപ) തട്ടിയെടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് 35 വയസുള്ള ഈജിപ്ഷ്യന്‍ എന്‍ജിനിയര്‍ മസാജിനായി എത്തിയത്. എന്‍ജിനിയര്‍ ഹോട്ടല്‍ മുറിയില്‍ കയറിയപ്പോള്‍ ഞെട്ടി. 35 വയസുള്ള നൈജീരിയന്‍ യുവതിയും അവരുടെ പുരുഷന്‍മാരായ രണ്ടു സുഹൃത്തുക്കളുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

ഇവര്‍, എന്‍ജിനിയറെ ഭീഷണിപ്പെടുത്തുകയും കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മൊഴി. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണവും കാര്‍ഡിലുണ്ടായിരുന്ന പണവും സംഘം തട്ടി. കയര്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിച്ച ശേഷം സംഘം പുറത്ത് എ ടി എമ്മില്‍ പോയി പണം എടുത്തത്. ഏതാനും മണിക്കൂറിനു ശേഷം സംഘം ഇയാളെ മോചിപ്പിച്ചു.
തുടര്‍ന്ന് എന്‍ജിനിയര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടി ദുബൈ ഹാജരാക്കി. എന്നാല്‍, പ്രതികള്‍ കുറ്റം നിഷേധിച്ചു.