Connect with us

Ongoing News

ആഷസ്: ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് ജയം

Published

|

Last Updated

ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് പത്ത് വിക്കറ്റ് ജയം. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 170 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍ 87ഉം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് 82ഉം റണ്‍സെടുത്തു. വിക്കറ്റ് നഷ്ടപ്പെടാതെ 144 റണ്‍സെന്ന നിലയിലായിരുന്ന ഓസീസിന് അവസാന ദിനം ജയിക്കാന്‍ 56 റണ്‍സ് മതിയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട്: 302, 195. ആസ്‌ത്രേലിയ 328,173/0. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

രണ്ട് വിക്കറ്റിന് 33 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ 195 റണ്‍സിന് എറിഞ്ഞിട്ടാണ് കംഗാരുപ്പട കളി തങ്ങളുടെ വരുതിയിലാക്കിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ച്, ഹാസില്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ഇംഗ്ലീഷ് പടയുടെ കഥ കഴിച്ചത്. പാറ്റ് കുമ്മിന്‍സ് ഒരു വിക്കറ്റെടുത്തു. ജോ റൂട്ട് (51)ആണ് ഇംഗ്ലീഷ് ടോപ് സ്‌കോറര്‍. ബെയര്‍സ്‌റ്റോ 42ഉം മോയിന്‍ അലി 40ഉം റണ്‍സെടുത്തു.

നേരത്തെ, 21ാം ടെസ്റ്റ് സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ഒന്നാം ഇന്നിംഗ്‌സില്‍ ആസ്‌ത്രേലിയയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഏഴിന് 209 റണ്‍സെന്ന നിലയില്‍ പതറിയ ഘട്ടത്തില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 141 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. സ്മിത്ത് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.

Latest