ഹാദിയ നാളെ സുപ്രീം കോടതിയില്‍ ഹാജരാകും; കേരള ഹൗസില്‍ കനത്ത സുരക്ഷ

Posted on: November 26, 2017 12:28 pm | Last updated: November 26, 2017 at 4:09 pm
SHARE
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഹാദിയ മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ പീഡനമനുഭവിക്കുന്ന വൈക്കം സ്വദേശിനി ഹാദിയയെ നാളെ സുപ്രീം കോടതിയില്‍ ഹാജരാക്കും. നാളെ ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയുടെ വാദം കോടതി കേള്‍ക്കും. കോടതിയില്‍ ഹാജരാകാനായി ഇന്നലെ രാത്രി ന്യൂഡല്‍ഹിയില്‍ എത്തിയ ഹാദിയയെ കേരള ഹൗസിലാണ് താമസിപ്പിച്ചിരിക്കുന്നത്. കേരള ഹൗസിനും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ കേരളാ ഹൗസില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.45നാണ് ഹാദിയ ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഹാദിയയെ മാധ്യമങ്ങളെ കാണാന്‍ അനുവദിച്ചില്ല. വിമാനത്താവളത്തിന്റെ മറ്റൊരു ഗെയ്റ്റ് വഴി അവരെ കേരള ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഡല്‍ഹിക്ക് പുറപ്പെടും മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. താന്‍ മുസ്ലിമാണെന്നും തനിക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നുമാണ് ഹാദിയ പറഞ്ഞത്. തന്നെ ആരും നിർബന്ധിച്ച് മതം മാറ്റിച്ചതല്ലെന്നും ഹാദിയ പറഞ്ഞിരുന്നു.