Connect with us

Articles

പട്ടേല്‍ കാറ്റിനൊപ്പം ബി ജെ പിയെ കുഴക്കാന്‍ കര്‍ഷക രോഷവും

Published

|

Last Updated

അംറേലിയിലെ പകുതി വോട്ടര്‍മാരും പട്ടേല്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. അത്‌കൊണ്ട് ഇവിടെ കത്തി നില്‍ക്കുന്ന പ്രശ്‌നം സംവരണം ആകേണ്ടതായിരുന്നു. പക്ഷേ, സംവരണത്തേക്കാള്‍ ബി ജെ പിയെ ഇവിടെ കുഴക്കുന്നത് കര്‍ഷകരുടെ പ്രതിഷേധമാണ്. ഹര്‍ദിക് പട്ടേല്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പട്ടേല്‍ സമരം ശക്തിയാര്‍ജിക്കുകയും അദ്ദേഹം കോണ്‍ഗ്രസിനോട് സഹകരിക്കാന്‍ തയ്യാറെടുക്കുകയും ചെയ്തതോടെ അംറേലി ജില്ലയിലെ അംറേലിയടക്കമുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പി പ്രതിരോധത്തിലായിട്ടുണ്ടെങ്കിലും അതവര്‍ എതിര്‍ പ്രചാരണം കൊണ്ട് മറികടക്കുന്നുണ്ട്. കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കാണ് ബി ജെ പിക്ക് മറുപടിയില്ലാത്തത്. ഗുജറാത്തില്‍ ബി ജെ പി അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഉദാഹരണം മാത്രമാണ് അംറേലി.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉയര്‍ന്ന താങ്ങുവിലയെവിടെയെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ഉത്പാദനച്ചെലവും അതിന്റെ പകുതിയും ചേരുന്ന തുക മിനിമം താങ്ങുവിലയായി നല്‍കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് പ്രൊഡ്യൂസ് കമ്മിറ്റിയുടെ ശാഖകള്‍ക്ക് മുന്നില്‍ പരുത്തി കര്‍ഷകരും കടല കര്‍ഷകരുമെല്ലാം വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിള ഇന്‍ഷ്വറന്‍സ് എന്തായെന്നും അവര്‍ ചോദിക്കുന്നു. തടസ്സമില്ലാത്ത വൈദ്യുതിയെന്ന വാഗ്ദാനവും വെള്ളത്തില്‍ വരച്ച വരയായി.

സത്യത്തില്‍ ഇപ്പോഴുള്ള ഇന്‍ഷ്വറന്‍സ് സംവിധാനം കര്‍ഷകരെ ദ്രോഹിക്കുന്ന ഒന്നാണ്. കാര്‍ഷിക വായ്പയുടെ അഞ്ച് ശതമാനം ഇന്‍ഷ്വറന്‍സ് പ്രീമിയം അടക്കണമെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ്. അങ്ങനെ അടച്ചവര്‍ക്ക് മാത്രമേ വായ്പ കിട്ടുകയുള്ളൂ. “ആര്‍ക്കും ഇപ്പോള്‍ കര്‍ഷകനെ വേണ്ട. പറഞ്ഞ് പറ്റിക്കുകയായിരുന്നു ബി ജെ പി. 20 കിലോഗ്രാം നിലക്കടലക്ക് 900 രൂപയാണ് നാഫെഡ് നല്‍കുന്ന സംഭരണ വില. ഇത് 1200 എങ്കിലും ആക്കിയാലേ പിടിച്ചു നില്‍ക്കാനാകൂ- കര്‍ഷകനായ സഞ്ജയ് ഭായി ജാവിയ പറഞ്ഞു. തന്റെ മകന്‍ ഒരിക്കലും കര്‍ഷകന്‍ ആകരുതെന്നാണ് ആഗ്രഹമെന്നും ജാവിയ പറയുന്നു. അവനെ പഠിപ്പിക്കണം. പക്ഷേ, പട്ടിദാര്‍ ആയതിനാല്‍ ഇന്നത്തെ നിലക്ക് 85 ശതമാനം മാര്‍ക്ക് കിട്ടിയാലും മെഡിക്കല്‍ കോളജ് പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ സീറ്റ് കിട്ടില്ലെന്നും ജാവിയ പരാതിപ്പെടുന്നു.

“20 കിലോഗ്രാം പരുത്തിക്ക് 1500 രൂപ തരാമെന്നാണ് മോദിജി പറഞ്ഞത്. മന്‍മോഹന്‍ സിംഗ് ഉള്ളപ്പോള്‍ 1200 രൂപയായിരുന്നു കിട്ടിയിരുന്നത്. ഇപ്പോള്‍ കിട്ടുന്നതാകട്ടേ 810 രൂപയാണ്” -മഹേശ്വര്‍ ചാവ്ദ പറയുന്നു. ഖാരിഫ് വിള നന്നായതോടെ നിലക്കടല കര്‍ഷകര്‍ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ വാക്ക് പാലിക്കാത്തതിനാല്‍ കര്‍ഷകര്‍ രോഷത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണമല്ല, കര്‍ഷകരുടെ കണ്ണീരാണ് ബി ജെ പിയെ തോല്‍പ്പിക്കാന്‍ പോകുന്നതെന്ന് മറ്റൊരു കര്‍ഷകന്‍ പറഞ്ഞു.
ഹര്‍ദിക്കിന്റെ പ്രക്ഷോഭം ഇവിടുത്തുകാരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. കാലങ്ങളായി ബി ജെ പിക്ക് വോട്ട് ചെയ്തു വരികയാണെന്നും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ചാവ്ദ പറഞ്ഞു. പക്ഷേ, ഇത് ബി ജെ പിക്ക് ഷോക്ക് നല്‍കാനാണ്. 2019ല്‍ മോദിയെ തന്നെ പിന്തുണക്കുമെന്നും ഇയാള്‍ പറയുന്നു. കര്‍ഷക രോഷം ബി ജെ പിയെ കുഴക്കുമെന്ന് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് പ്രൊഡ്യൂസ് കമ്മിറ്റി ചെയര്‍മാന്‍ പി പി യോജിത്രയും പറയുന്നു. 125 കോടി മുടക്കി കൂറ്റന്‍ ഉത്പന്ന കമ്പോളം തുടങ്ങിയതിന് മോദിയുടെ പ്രശംസ ഏറ്റുവാങ്ങിയ സോജിത്ര നേരത്തേ കോണ്‍ഗ്രസിലായിരുന്നു. ഇപ്പോള്‍ ബി ജെ പിയിലാണ്. രാജ്യത്തെ ഏറ്റവും നല്ല നിലക്കടലയും പരുത്തിയും കൃഷി ചെയ്യുന്നവരാണ് ഗുജറാത്തിലെ കര്‍ഷകര്‍. അവര്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം അര്‍ഹിച്ചിരുന്നു. ദിവസത്തില്‍ 12 മണിക്കൂര്‍ ഇടതടവില്ലാതെ വൈദ്യുതി കിട്ടിയിരുന്നുവെങ്കില്‍ അവര്‍ സന്തോഷവാന്‍മാര്‍ ആയേനെ. പക്ഷേ, ഇപ്പോള്‍ കിട്ടുന്നത് എട്ട് മണിക്കൂര്‍ മാത്രമാണ്- സോജിത്ര പറഞ്ഞു.

ധാസാ പട്ടണത്തില്‍ നിന്നുള്ള വോട്ടര്‍ ഭൂപേന്‍ഭായിക്ക് വ്യത്യാസ്തമായ അഭിപ്രായമാണ് ഉള്ളത്. പട്ടേല്‍ വിഭാഗത്തിന് അമര്‍ഷമുണ്ട് എന്നത് ശരിയാണ്. പക്ഷേ, അവര്‍ ബി ജെ പിയെ കൈവിടുമെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 2012ല്‍ സൗരാഷ്ട്ര മേഖലയിലെ 54 സീറ്റില്‍ നാല്‍പ്പതിലും ജയിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന് കിട്ടിയത് 12 സീറ്റാണ്. അംറേലി ജില്ലയിലെ അഞ്ച് സീറ്റില്‍ നാലും ബി ജെ പിയാണ് നേടിയത്. ഇത്തവണ ഈ എണ്ണം കുത്തനെ താഴുമെന്നാണ് ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.