ജര്‍മന്‍ അനിശ്ചിതത്വം

Posted on: November 25, 2017 6:11 am | Last updated: November 24, 2017 at 10:13 pm
SHARE

ജര്‍മനിയില്‍ സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വരികയും രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് ആ രാജ്യം നീങ്ങുകയും ചെയ്യുന്നത് ആഗോള ശ്രദ്ധയര്‍ഹിക്കുന്നതാണ്. യൂറോപ്യന്‍ യൂനിയനെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന രാജ്യമാണ് ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കലിന്റെ ഭരണത്തിന്‍ കീഴില്‍ ജര്‍മനി. ഇസില്‍ ഭീകരതയും വന്‍ ശക്തികള്‍ നടത്തുന്ന ഇടപെടലുകളും ലക്ഷക്കണക്കായ മനുഷ്യരെ നിരാലംബരാക്കിയപ്പോള്‍ അഭയകേന്ദ്രമായി മാറിയ രാജ്യമാണ് ജര്‍മനി. അഭയാര്‍ഥി പ്രശ്‌നത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെയാകെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മെര്‍ക്കലിന് സാധിക്കുകയും ചെയ്തിരുന്നു. സ്വന്തം അതിര്‍ത്തിക്കകത്തേക്ക് കൂടുതല്‍ സ്വാര്‍ഥതയോടെ ചുരുങ്ങുകയെന്ന അതിദേശീയവാദത്തിനോടുള്ള കലഹമായിരുന്നു മെര്‍ക്കലിന്റേത്. അവരുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അങ്ങേയറ്റം ജനപക്ഷത്തുള്ള ഒന്നാണെന്നോ ആഗോളവത്കരണ മുതലാളിത്ത സമീപനങ്ങളില്‍ നിന്ന് അത് അകന്നുനില്‍ക്കുന്നുവെന്നോ അല്ല പറയുന്നത്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ അവര്‍ക്കുണ്ടാകാം. ആ താത്പര്യങ്ങളുടെ പുറത്താണെങ്കിലും മെര്‍ക്കല്‍ ഭരണകൂടം സമീപകാലത്ത് കൈകൊണ്ട നയസമീപനങ്ങള്‍ അഭയാര്‍ഥികള്‍ക്കടക്കം പ്രതീക്ഷ പകരുന്നതായിരുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയുടെ പരാജയം ആഗോളതലത്തില്‍ വീശിയടിക്കുന്ന കുടിയേറ്റവിരുദ്ധതയുടെ ഏറ്റവും രൂക്ഷമായ ആവിഷ്‌കാരമായി വിലയിരുത്തപ്പെടുന്നത്. ഒരു രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം എന്നതിന് അപ്പുറത്തേക്ക് ജര്‍മനിയിലെ സംഭവവികാസങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നതും അതുകൊണ്ടാണ്.

സെപ്തംബര്‍ 24ന് നടന്ന തിരഞ്ഞെടുപ്പില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (ആള്‍ട്ടര്‍നേറ്റ് ഫോര്‍ ഡ്യൂട്ട്ഷ്‌ലാന്‍ഡ് -എ എഫ് ഡി) എന്ന വെറും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടിക്ക് മാത്രമാണ് വോട്ടും സീറ്റും വര്‍ധിച്ചത്. അതാകട്ടേ മെര്‍ക്കലിന്റെ പാര്‍ട്ടിയുടെയും സഖ്യ കക്ഷിയുടെയും വോട്ടു ബേങ്കുകളില്‍ കടന്ന് കയറിയാണ് നേടിയത്. 25 ശതമാനത്തിലധികം വോട്ട് നേടിയതോടെ എ എഫ് ഡി ജര്‍മന്‍ പാര്‍ലിമെന്റില്‍ അംഗത്വം നേടിയിരിക്കുകയാണ്. ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയോട് സാമ്യം സൂക്ഷിക്കുന്ന ഈ പാര്‍ട്ടിയുടെ വിജയം രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള മനോഭാവം ജര്‍മന്‍ ജനതയില്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭൂരിപക്ഷ ജനാധിപത്യം എങ്ങനെയാണ് മനുഷ്യത്വവിരുദ്ധമായി പരിണമിക്കുന്നത് എന്നും ഈ വിജയം വെളിവാക്കുന്നുണ്ട്. വംശശുദ്ധിയുടെയും മതാന്ധതയുടെയും ഫാസിസത്തിന്റെയും അധീശത്വം ജനാധിപത്യത്തിന്റെ സങ്കേതങ്ങളെ ഉപയോഗിച്ചു കൊണ്ട് വളരെയെളുപ്പത്തില്‍ സാധിച്ചെടുക്കാമെന്ന ഭീതിപ്പെടുത്തുന്ന വസ്തുതയാണ് ജര്‍മനിയില്‍ തെളിയുന്നത്.

രണ്ട് മാസം പിന്നിടുമ്പോഴും സഖ്യ സര്‍ക്കാറുണ്ടാക്കാന്‍ ആഞ്ചലാ മെര്‍ക്കലിന് സാധിച്ചിട്ടില്ല. മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ രണ്ട് സര്‍ക്കാറിലും ഒപ്പമുണ്ടായിരുന്ന മധ്യ വലതുപക്ഷ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് (എസ് ഡി പി) പാര്‍ട്ടി ഇത്തവണ കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചിരിക്കുന്നു. എ എഫ് ഡി പോലുള്ള പാര്‍ട്ടികളുടെ കാലമാണ് വരാനിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാണ് ഈ ചേരി മാറ്റം. സിറിയയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാനായി നേരത്തേ തയ്യാറാക്കിയ കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന ഉപാധിയായിരുന്നു ആദ്യം എസ് ഡി പി മുന്നോട്ട് വെച്ചത്. ആ ഉപാധി അംഗീകരിക്കാന്‍ മെര്‍ക്കല്‍ തയ്യാറായിട്ടും എസ് ഡി പി വഴങ്ങിയില്ല. വന്‍ ബിസിനസ്സ് ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കുന്ന ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ് ഡി പി)യുമായി സഖ്യമുണ്ടാക്കാനായി മെര്‍ക്കലിന്റെ അടുത്ത ശ്രമം. ഇടതുപക്ഷ ഗ്രീന്‍ പാര്‍ട്ടി, ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണയും മെര്‍ക്കല്‍ തേടി. പ്രത്യയശാസ്ത്രപരമായി പല തട്ടിലുള്ള പാര്‍ട്ടികളാണ് ഇവയെല്ലാം. അതുകൊണ്ട് സഖ്യം നിലവില്‍ വന്നാലും അധികകാലം മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നില്ല. തുടക്കത്തിലേ എഫ് ഡി പി ഉടക്ക് വെച്ചത് ഇതിന് തെളിവാണ്. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക നികുതി ഒഴിവാക്കണമെന്ന നിബന്ധന മുന്നോട്ട് വെച്ചതോടെയാണ് മെര്‍ക്കല്‍ ആ പാര്‍ട്ടിയുമായുള്ള ബാന്ധവം ഉപേക്ഷിച്ചത്.

ഒന്നുകില്‍ കൂടുതല്‍ കീഴടങ്ങലുകള്‍ക്ക് വിധേയയായി മഹാസഖ്യം രൂപവത്കരിക്കാന്‍ മെര്‍ക്കല്‍ തയ്യാറാകണം. അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് പോകണം. രണ്ടായാലും ജനാധിപത്യ ജര്‍മനി പുലര്‍ത്തുന്ന ലിബറല്‍ കാഴ്ചപ്പാടുകളില്‍ നിന്ന് ബഹുദൂരം പിന്നോട്ട് പോകുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ജര്‍മനിയിലും യൂറോപ്പിലാകെയും തീപ്പിടിക്കുകയാണ്. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂനിയനെതിരെ കൊണ്ടുപിടിച്ച പ്രചാരവേല നടക്കുന്നുണ്ട്. ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ പ്രചാരണങ്ങളെ അതിജീവിച്ച് ഇമ്മാനുവേല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നുവെന്നത് ആശാവഹമാണെങ്കിലും എല്ലായിടത്തും അത് ആവര്‍ത്തിച്ചു കൊള്ളണമെന്നില്ല. ഇന്ത്യയില്‍ അങ്ങേയറ്റം ജനവിരുദ്ധമായി കഴിഞ്ഞിട്ടും ബി ജെ പി സര്‍ക്കാറിന് ആത്മവിശ്വാസം പകരുന്നത് ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രോശങ്ങളും അതുണ്ടാക്കുന്ന വര്‍ഗീയ ധ്രുവീകരണവുമാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here