Connect with us

Gulf

സൂപ്പര്‍ സെയില്‍ തുടങ്ങി: നഗരത്തില്‍ ഗതാഗത കുരുക്ക്

Published

|

Last Updated

ദുബൈ: മാളുകളിലും മറ്റു വ്യാപാരകേന്ദ്രങ്ങളിലും സൂപ്പര്‍ സെയില്‍ തുടങ്ങിയതോടെ നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതകുരുക്ക്. ഇന്നലെ വൈകിട്ട് ദുബൈ മാളിലേക്കുള്ള റോഡുകള്‍ മുഴുവന്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പാര്‍കിംഗ് കിട്ടാതെ പലരും വലഞ്ഞു. വാഹനഗതാഗതം ക്രമീകരിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു. ഇന്നലെ രാവിലെയാണ് മൂന്നു ദിവസത്തേക്ക് സൂപ്പര്‍ സെയില്‍ തുടങ്ങിയത്. മിക്ക വ്യാപാരകേന്ദ്രങ്ങളിലും 70 ശതമാനം വരെ വിലക്കിഴിവ് അനുവദിച്ചിരുന്നു. ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്കാണ് കൂടുതലായും വിലക്കിഴിവുള്ളത്.

മാളുകളിലെല്ലാം കനത്ത തിരക്കായിരുന്നു. വാരാന്ത്യ അവധി ആയതിനാല്‍ മാളുകളില്‍ സമയം ചെലവഴിക്കാന്‍ ആളുകള്‍ക്ക് സൗകര്യമായി. ഇന്നും കനത്ത തിരക്കുണ്ടാവുമെന്നാണ് കരുതുന്നത്.
ആയിരത്തിലധികം ഔട്ട്‌ലെറ്റുകളാണ് സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നത്. മുന്നൂറോളം ബ്രാന്‍ഡുകളില്‍ വമ്പന്‍ ഓഫറുകളാണ് നല്‍കുന്നത്. സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷനില്‍ വസ്തുക്കള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവാണ് ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം എന്നു തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാണ്. മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങളാണ് ഡിസ്‌കൗണ്ട് സെയിലില്‍ ലഭ്യം

ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നതെന്നും ശ്രദ്ധേയം. രണ്ടു മാസം കഴിഞ്ഞാല്‍ യു എ ഇയില്‍ വാറ്റ് നടപ്പാക്കും.
അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങള്‍ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡി എഫ് ആര്‍ ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി പറഞ്ഞു