അര്‍ച്ചന കൊലക്കേസ്: ഭര്‍ത്താവായ സീരിയല്‍ സംവിധായകന് ജീവപര്യന്തം

Posted on: November 24, 2017 2:19 pm | Last updated: November 24, 2017 at 7:17 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍ കോട് അര്‍ച്ചന കൊലക്കേസില്‍ ഭര്‍ത്താവ്
ടി വി സീരിയല്‍ സംവിധായകന്‍ ദേവന്‍ കെ പണിക്കറിന് (ദേവദാസ്- 40) ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.

ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കൈയും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയവേ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

അര്‍ച്ചനയും ദേവദാസും തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കുടുംബ കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് അര്‍ച്ചനയുടെ എതിര്‍പ്പ് മൂലം ബന്ധം വേര്‍പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡിസംബര്‍ 28ന് വാടക വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടാകുകയും ദേവദാസ് അര്‍ച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.