Connect with us

Editorial

ജസ്റ്റിസ് ലോയയുടെ മരണം

Published

|

Last Updated

ഭരണകൂട ഭീകരതയുടെ ഇരയാണോ സി ബി ഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയെന്ന സന്ദേഹം നേരത്തെയുള്ളതാണ്. ദുരൂഹവും അപ്രതീക്ഷിതവുമായിരുന്നു അദ്ദേഹത്തിന്റെ മരണം. 2014 ഡിസംബര്‍ ഒന്നിന് സഹജഡ്ജിയായിരുന്ന സപ്‌ന ജോഷിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ എത്തിയപ്പോള്‍ അവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയായിരുന്നു ആ ഘട്ടത്തില്‍ ജസ്റ്റിസ് ലോയയുടെ ബഞ്ചിലുണ്ടായിരുന്ന കേസ്. ജോഷിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചതല്ല. മറ്റു രണ്ട് ജഡ്ജിമാര്‍ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നുവത്രെ. ഇവരില്‍ ഒരാളാണ് ഹൃദായാഘാതത്തെ തുടര്‍ന്നു ലോയ മരിച്ചെന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതായും കുടുംബത്തെ വിളിച്ചറിയിച്ചത്. സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുള്ളതിനാല്‍ ഇതേകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡിസംബര്‍ മൂന്നിന് പ്രതിഷേധ പ്രകടനം നടത്തുകയും കുടുംബം അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു.

ലോയയുടെ മരണം സ്വാഭാവികമല്ല, അതിന്റെ പിന്നില്‍ ഏതോ കരങ്ങളുണ്ടെന്ന സന്ദേഹത്തെ ബലപ്പെടുത്തുന്നതാണ് കാരവാന്‍ മാഗസിന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും തലയുടെ പിന്‍ഭാഗത്ത് മുറിവും കഴുത്തില്‍ ചോരപ്പാടുമുണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞതായി മാഗസിന്‍ എഴുതുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിറയെ ദുരൂഹതകളാണ്. ബന്ധുക്കളെ അറിയിക്കാതെയും അനുമതിയില്ലാതെയുമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം ശരിയായ രീതിയിലല്ല നടന്നതെന്ന് അത് നടത്തിയ നാഗ്പൂര്‍ മെഡിക്കല്‍ കോളജിലെ വ്യക്തി തന്നെ സൂചിപ്പിക്കുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം നടന്നു എന്നു വരുത്താന്‍ മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്‍ക്കാന്‍ “മുകളില്‍ നിന്ന്” നിര്‍ദേശം ലഭിക്കുകയും ആശുപത്രി അധികൃതര്‍ അതപ്പടി അനുസരിക്കുകയുമാണുണ്ടായത്. എവിടെയോ എന്തൊക്കെയോ അപാകങ്ങളുണ്ടെന്ന് മനസ്സിലാക്കിയ ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ അവരോട്ആവശ്യപ്പെടുകയായിരുന്നു. ലോയക്ക് നല്‍കിയ ചികിത്സയുടെവിശദാംശങ്ങളറിയാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. കേസില്‍ അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിന് ലോയക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ നൂറു കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്നു കൂടി ബിയാനി വെളിപ്പെടുത്തിയതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുന്നുണ്ട്.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നിരവധി ഏറ്റുമുട്ടല്‍ കൊലകളാണ് ഗുജറാത്തില്‍ നടന്നത്. മോദിയെ വധിക്കാന്‍ ശ്രമം നടത്തിയെന്നും മറ്റും കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയാണ് അമിത്ഷായുടെയും മറ്റും നേതൃത്വത്തില്‍ ഈ വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന് പിന്നീട് തെളിഞ്ഞു. സുപ്രീംകോടതിയടക്കം ഈ കൊലകളില്‍ സംശയം പ്രകടിപ്പിക്കുകയും സ്വതന്ത്രഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായെങ്കിലും അത് നടപ്പായില്ല. മാത്രമല്ല, കോടതി കയറിയ ഇത്തരം കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സാക്ഷികളെ സ്വാധീനിക്കുകയോ വഴങ്ങാത്തവരെ കൊലപ്പെടുത്തി ഏറ്റുമുട്ടല്‍ കൊലകളായി എഴുതിത്തള്ളുകയോ ചെയ്തു. നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പങ്കെടുത്ത ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര തന്നെ പിന്നീട് ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. സുഹ്‌റാബുദ്ദീന്‍, തുളസീറാം പ്രജാപതി, സാദിഖ് ജമാല്‍, ഇസ്‌റത് ജഹാന്‍ എന്നീ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടത് ഭീകര വിരുദ്ധ നയങ്ങള്‍ രൂപവത്കരിച്ച ഗുജറാത്ത് സര്‍ക്കാറിന്റെ തലപ്പത്ത് ഇരിക്കുന്നവരെയാണെന്നും തന്നെ പോലെയുള്ള പോലീസ് ഓഫീസര്‍മാര്‍ കൊലകള്‍ നടത്തിയത് സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചു മാത്രമാണെന്നും സര്‍വീസില്‍നിന്ന് രാജി വെച്ചു കൊണ്ട് 2013 സെപ്തംബറില്‍ എഴുതിയ കത്തില്‍ വന്‍സാര ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ ആസ്ഥാനം ഗാന്ധിനഗറിലല്ല, രാജ്യത്തെ ഏതെങ്കിലും ജയിലിലാണ് വേണ്ടതെന്നും അത്രയും വലിയ ഭീകരതയാണ് അധികാരത്തിന്റെ മറവില്‍ ഗുജറാത്ത് ഭരണാധികാരികള്‍ കാണിച്ചതെന്നും മോദിയുടെ കാലത്തെ ഭരണത്തിലേക്ക് വിരല്‍ ചൂണ്ടി വന്‍സാര അഭിപ്രായപ്പെടുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ വേണം ജസ്റ്റിസ് ഹര്‍കിഷന്‍ ലോയക്കുള്ള നൂറ് കോടി വാഗ്ദാനവും സമ്മര്‍ദ്ദത്തിന് വഴിപ്പെടാത്ത സാഹചര്യത്തിലുണ്ടായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണവും വിലയിരുത്തേണ്ടത്. ലോയയുടെ പിതാവ് ഹര്‍കിഷന്‍, സഹോദരി അനുരാധ ബിയാനി, മരുമകള്‍ നപൂര്‍ ബിയാനി എന്നിവരാണ് മാഗസിനുമായി മേല്‍ വിവരങ്ങള്‍ പങ്ക് വെച്ചത്. രാജ്യത്ത് ഭരണകൂട ഭീകരത അരങ്ങേറുകയും അതിനെതിരെ സത്യസന്ധമായ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഉന്മൂലനം ചെയ്യുന്നുവെന്നുമുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. മാത്രമല്ല, ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയ ജസ്റ്റിസ് ലോയയുടെ ബന്ധുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ഗതി വരാന്‍ ഇടയുള്ളതിനാല്‍ അവര്‍ക്ക് മതിയായ സംരക്ഷണവും ആവശ്യമാണ്.