ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തും : മന്ത്രി രാമകൃഷ്ണന്‍

Posted on: November 23, 2017 8:39 pm | Last updated: November 23, 2017 at 11:39 pm
SHARE

തൃശൂര്‍: കേരളത്തിലെ ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തുമെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ ഒളരിക്കരയില്‍ എക്‌സൈസ് ടവറിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് വകുപ്പിന് പുതിയ മുഖം നല്‍കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇതുവരെ വയനാട്ടിലും അട്ടപ്പാടിയിലുമാണ് ജനമൈത്രി എക്‌സൈസ് സംവിധാനം ഉണ്ടായിരുന്നത്. ഇപ്പോഴത് നിലമ്പൂരിലും ദേവികുളത്തും കൂടി വ്യാപിപ്പിച്ചു. ആദിവാസി കോളിനികളില്‍ നേരിട്ട് ഇടപെട്ട് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ജനമൈത്രി എക്‌സൈസിന്റെ ലക്ഷ്യം.

ഇത് സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി മേഖലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എക്‌സൈസ് സേനയുടെ അംഗബലം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കും. ഒപ്പം നിലവിലുളള സേനയെ എല്ലാ തരത്തിലും സജ്ജരാക്കും. ആവശ്യമായ വാഹനങ്ങളും ആയുധങ്ങളും നല്‍കും. അതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ ശ്രമങ്ങളെ ശക്തമാക്കും. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി അതാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ ത്രിതല പഞ്ചായത്ത് തലത്തില്‍ കമ്മിറ്റി രൂപവത്കരിച്ചാണ് വിമുക്തിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുളളത്. ലഹരി നിരോധനമല്ല, ലഹരി വര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. വിദ്യാലയത്തിനടുത്തോ ആരാധനാലയത്തിനടുത്തോ ആശുപത്രിക്കടുത്തോ ഒരൊറ്റ മദ്യഷാപ്പും സര്‍ക്കാര്‍ തുറന്നിട്ടില്ല. അനുവദിച്ചിട്ടുമില്ല. നിയമാനുസൃതമായി ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാനുളള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. അതും നിലവിലുളള നിയമവ്യവസ്ഥകള്‍ക്കനുസൃതമായി മാത്രം. ഇതിനെ വളച്ചൊടിച്ച് വ്യാജപ്രചാരണം നടത്തുകയാണ് ചിലര്‍. ഇത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് മന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here