Connect with us

Kasargod

തറക്കല്ലിട്ട് നാലുവര്‍ഷം ; കാസര്‍കോട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍ തന്നെ

Published

|

Last Updated

ബദിയടുക്ക: കാസര്‍കോട് ഗവ മെഡിക്കല്‍ കോളജ് തറക്കല്ലില്‍ ഒതുങ്ങി. തറക്കല്ലിട്ട് നാലുവര്‍ഷം പൂര്‍ത്തിയായിട്ടും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാന്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ 28ന് വൈകുന്നേരം 4 മുതല്‍ 8 മണി വരെ മെഡിക്കല്‍ കോളജ് പരിസരത്ത് കാത്തിരിപ്പ് സമരം നടത്തും.

2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന്റെ അക്കാഡമിക്ക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയായി വരികയാണ്. പക്ഷേ അതേസമയത്ത് തന്നെ ടെന്‍ഡര്‍ ചെയ്ത 68 കോടി രൂപയുടെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ സാങ്കേതികത്വം പറഞ്ഞ് നീട്ടി കൊണ്ട് പോവുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനകം പ്രഖ്യാപിച്ച മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കാസര്‍കോടിനെ മാത്രമാണ് അധികാരികള്‍ അവഗണിക്കുന്നത്.

ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ രോഗികളുള്ള പ്രദേശമാണിത്. ഒരു ഭാഗത്ത് സ്‌ങ്കേതികത്വം പറഞ്ഞ് മെഡിക്കല്‍ കോളജ് മാറ്റി സ്ഥാപിക്കാനുള്ള ഗൂഢ നീക്കം നടത്തുകയാണ്. മറുഭാഗത്ത് മംഗളൂരു ലോബി മെഡിക്കല്‍ കോളജിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി കെട്ടിടത്തന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി ആരംഭിക്കണമെന്നും മെഡിക്കല്‍ കോളജ് ഇവിടെ നിന്നും മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് 28 ന് വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മെഡിക്കല്‍ കോളജ് പരിസരത്ത് കാത്തിരിപ്പ് സമരം നടത്തുന്നത്.
സമരം ഫലംകണ്ടില്ലെങ്കില്‍ ജനുവരി 30 മുതല്‍ അനിശ്ചിത കാല സമരം നടത്താനും തീരുമാനിച്ചു.