ഫോണ്‍കെണി: ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു; ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി

Posted on: November 22, 2017 11:07 am | Last updated: November 22, 2017 at 4:24 pm
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റിപ്പോര്‍ട്ട് അംഗീകരിച്ച് തീരുമാനമെടുത്തത്. എകെ ശശീന്ദ്രനെ പൂര്‍ണമായി കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. ഫോണ്‍കെണി ഒരുക്കിയ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവി ആര്‍ അജിത്കുമാറിനെയും കമ്പനിയേയും പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ക്ക് പൊതുവിലും ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. ശിപാര്‍ശകളെക്കുറിച്ച് പഠിക്കാന്‍ സെക്രട്ടറിതല കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തുടര്‍നടപടികള്‍ ശിപാര്‍ശ ലഭിച്ച ശേഷം കൈക്കൊള്ളും. പോലീസ് അന്വേഷണത്തിലെ വീഴ്ച ഡിജിപി അന്വേഷിക്കും. മാധ്യമങ്ങളുമായി ഇടപെടുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്നും എന്‍സിപിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മംഗളം ചാനല്‍ ലോഞ്ചിംഗിന്റെ ഭാഗമായി ജനശ്രദ്ധയാകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് ചാനലിലെ മാധ്യമ പ്രവര്‍ത്തക ശശീന്ദ്രനെ സമീപിച്ചത്. കുടുക്കുകയെന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുകയും പിന്നീട് പരാതിക്കാരിയാണെന്ന വ്യാജേന ഫോണ്‍വിളി സംബന്ധിച്ച വാര്‍ത്ത നല്‍കുകയുമായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി 17 പേരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, ടെലിവിഷന്‍ ഫെഡറേഷന്‍, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരെല്ലാം കമ്മീഷനില്‍ സത്യവാങ്മൂലം നല്‍കി. സാംസ്‌കാരിക നായകര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും പരിഗണിച്ചു.
പരാതിക്കാരിയോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 27നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ രാജിവെച്ചത്. മന്ത്രിയോട് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തക തന്നെയാണെന്ന് വാര്‍ത്ത പുറത്തുവിട്ട മംഗളം ചാനല്‍ തന്നെ പിന്നീട് വ്യക്തമാക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.