മാധ്യമനിരോധനം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം: കാനം

Posted on: November 21, 2017 6:24 pm | Last updated: November 21, 2017 at 10:02 pm

കൊച്ചി: ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി എ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് സിപിഐ. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയെ ആരു വിമര്‍ശിച്ചാലും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ വിഴുപ്പാണെന്ന മന്ത്രി എംഎം മണിയുടെ പ്രസ്താവനക്കും കാനം മറുപടി നല്‍കി. മണി ചരിത്രം പഠിക്കണമെന്ന് കാനം പറഞ്ഞു. മുന്നണി മര്യാദ എന്താണെന്ന് സിപിഎമ്മാണ് ആദ്യം പറയേണ്ടതെന്നും കാനം പറഞ്ഞു.

മാധ്യമങ്ങളെ വിലക്കിയ നടപടി തെറ്റാണെന്ന് സിപിഐ നേതാവ് പന്യന്‍ രവീന്ദ്രനും പ്രതികരിച്ചു. നിയന്ത്രണം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.