Connect with us

Gulf

നാലു പതിറ്റാണ്ട് ഖത്വര്‍ പ്രവാസം ഒരു സ്ഥാപനത്തില്‍

Published

|

Last Updated

രവി മേനോന്‍ ഓഫീസില്‍

ദോഹ: നാല്‍പ്പത്തിയൊന്നു വര്‍ഷം ഖത്വര്‍ പൊതുമരാമത്ത് അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്തുവന്ന തൃശൂര്‍ സ്വദേശി നാലു പതിറ്റാണ്ടിന്റെ പ്രവാസം വിരമിക്കുന്നു. പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളിയിലെ രവി മേനോന്‍ ആണ് 1976ല്‍ ഇരുപതാം വയസില്‍ ഖത്വറിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. ഈ മാസം 26ന് അദ്ദേഹം നാട്ടിലേക്കു മടങ്ങും.

അഗ്രികള്‍ച്ചര്‍, വാട്ടര്‍, പബ്ലിക് വര്‍ക്ക് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മാറിമാറി ജോലി നോക്കിയെങ്കിലും മന്ത്രാലയം മാറിയില്ല. അശ്ഗാലില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍ തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്. ഖത്വരികളുള്‍പ്പെടെ നിരവധി അറബ് വംശജരുമായും വിവിധ രാജ്യക്കാരുമായും 41 വര്‍ഷത്തിനിടെ വലിയൊരു സൗഹൃദ വലയമുണ്ടായി. ഇക്കാലയളവില്‍ ഒരുതരത്തിലുള്ള നടപടികളോ പരാതികളോ നേരിടേണ്ടി വന്നില്ല. വിദേശികളോട് ഈ മണ്ണും ജനതയും കാണിക്കുന്ന സ്‌നേഹവും കാരുണ്യവും മികച്ചതാണെന്ന് അദ്ദേഹം പറയുന്നു.
ആദ്യകാലം മുതലേ ജീവകാരുണ്യ, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെയും താന്ന്യം ഗ്രാമപഞ്ചായത് പെരിങ്ങോട്ടുകര അസോസിയേഷന്റെയും സ്ഥാപകരില്‍ ഒരാളാണ്. കല സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് ഭാര്യ ലക്ഷ്മിയും കൂടെനിന്നു പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി ഈ ദമ്പതികളുടെ ഫ്‌ലാറ്റിലും പുറത്തുമായി ജീവകാരുണ്യ, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടുന്നു.

ഖത്വറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു തുടങ്ങിയ കാലം മുതല്‍ അതിനു നേതൃത്വം നല്‍കിയ അശ്ഗാലില്‍ സേവനം ചെയ്ത രവിമേനോന്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. താന്ന്യം ഗ്രാമപഞ്ചായത് പെരിങ്ങോട്ടുകര അസോസിയേഷന്‍ ഈ മാസം 24ന് ആസ്പയര്‍ പാര്‍ക്കില്‍ രവി മേനോന് യാത്രയയപ്പ് നല്‍കും.