Connect with us

Kerala

തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ജനയുഗം

Published

|

Last Updated

തിരുവനന്തപുരം: കായല്‍ കൈയേറ്റ ആരോപണവും അതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഇടതുമുന്നണിയുടെ അസ്തിത്വത്തിനുനേരെ കനത്ത വെല്ലുവിളി ഉയര്‍ത്തിയതായി സിപിഐ മുഖപത്രമായ ജനയുഗം. ഒരു നിമിഷം പോലും തോമസ് ചാണ്ടി അധികാരത്തില്‍ തുടരാന്‍ യോഗ്യനല്ല. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജന്‍ഡയുടെ ഭാഗമായി അവഗണിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും തോമസ് ചാണ്ടി- എല്‍ഡിഎഫ് രാഷ്ട്രീയ നേരിടുന്നത് കനത്ത വെല്ലുവിളി എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ പറയുന്നു.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിരത്തുന്ന തെളിവുകള്‍ വസ്തുതാപരമല്ലെങ്കില്‍ അത് അങ്ങനെ സ്ഥാപിക്കാന്‍ ഒരു ശ്രമവും തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ്ചാണ്ടി മുതിരുന്നതെങ്കില്‍ കോടതിവിധിയില്‍ പരാമര്‍ശിക്കപ്പെട്ട മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തേയും ഭരണഘടനാ തത്ത്വങ്ങളെയുമായിരിക്കും അദ്ദേഹം പ്രതിക്കൂട്ടിലാക്കുക.

മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അത് എല്‍ഡിഎഫിനോടും സംസ്ഥാന സര്‍ക്കാറിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാവൂ.

എല്‍ഡിഎഫും കേരളത്തിലെ സാമാന്യ ജനങ്ങളും മുഖ്യമന്ത്രിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നുതന്നെയാണ് മുന്നണിയും ജനങ്ങളും ഉറച്ചുവിശ്വസിക്കുന്നതെന്നും ജനയുഗം വ്യക്തമാക്കുന്നു.