Connect with us

Kerala

തോമസ് ചാണ്ടിയെ തള്ളാനും കൊള്ളാനുമാകാതെ എന്‍സിപി നേതൃത്വം ഇരുട്ടില്‍തപ്പുന്നു

Published

|

Last Updated

കോഴിക്കോട്: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണം നേരിടുന്ന തോമസ് ചാണ്ടിയെ തള്ളാനും കൊള്ളാനുമാകാതെ എന്‍സിപി നേതൃത്വം ഇരുട്ടില്‍തപ്പുന്നു. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ട് പോലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാനാകാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. (Read more: തോമസ് ചാണ്ടിയുടെ ഹരജി ഹൈക്കോടതി തള്ളി) കോടതി വിധി ഉണ്ടായാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ പാര്‍ട്ടി പ്രസിഡന്റ് ടി പി പീതാംബരന്‍ കോടതി വ്യക്തമായ തീരുമാനം അറിയിച്ചതോടെ ഉരുണ്ടുകളിക്കുന്നതാണ് കണ്ടത്. യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒടുവില്‍ വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പറഞ്ഞ് സംസ്ഥാന നേതൃത്വം കൈകഴുകുകയാണുണ്ടായത്. (Read more: തോമസ് ചാണ്ടിയുടെ രാജി: തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് എന്‍സിപി )

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ പുറത്തുവന്ന ശേഷം ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ തോമസ് ചാണ്ടിക്ക് എതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നത്. ഇനിയും മന്ത്രിപദവിയില്‍ തുടരുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ചീത്തപ്പേരുണ്ടാക്കുമെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. എന്‍സിപി ഇക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് നാണക്കേടാണെന്നും പലരും അഭിപ്രായപ്പെട്ടതായി സൂചനയുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് എന്‍സിപിയെ തടയുന്നത് പല ഘടകങ്ങളാണ്. നിയമസഭയില്‍ പാര്‍ട്ടിക്ക് വെറും രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത്. മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ ഫോണ്‍കെണിയില്‍ കുടുങ്ങി രാജിവെച്ചതോടെയാണ് ആകെയുണ്ടായിരുന്ന മറ്റൊരു അംഗമായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. ഇപ്പോള്‍ തോമസ് ചാണ്ടി കൂടി രാജിവെച്ചാല്‍ മന്ത്രിസഭയില്‍ നിന്ന് എന്‍സിപി പുറത്താകും. ഇത് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന വിലയിരുത്തലാണ് തീരുമാനം പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ശശീന്ദ്രന് എതിരായ ഫോണ്‍കെണി കേസ് ഒതുക്കിതീര്‍ക്കാന്‍ സജീവ ഇടപെടലുകള്‍ പാര്‍ട്ടി നേതൃത്വം നടത്തുന്നുണ്ട്. കേസ് അന്വേഷിക്കുന്ന പിഎസ് ആന്റണി കമ്മീഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ അന്വേഷണം അവസാനിപ്പിക്കാനാണ് കമ്മീഷന്റെ നീക്കം. ഇത് ശശീന്ദ്രന് ആശ്വാസകരമായ തീരുമാനമാണ്. ഈ സാഹചര്യത്തില്‍ ശശീന്ദ്രന് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ നിന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇങ്ങനെ ഒരു ക്ലീന്‍ചിറ്റ് ലഭിച്ചാല്‍ ശശീന്ദ്രന് മന്ത്രിസഭയില്‍ മടങ്ങിവരാന്‍ സാധിക്കും. അത്തരമൊരു ഘട്ടത്തില്‍ തോമസ് ചാണ്ടി രാജിവെച്ചാല്‍ പാര്‍ട്ടിക്ക് തൊടുന്യായങ്ങള്‍ നിരത്തി പിടിച്ചുനിക്കാനാകും. ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ താന്‍ വഴിമാറിക്കൊടുക്കുമെന്ന് തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പേരില്‍ രാജിയുണ്ടായാല്‍ സാങ്കേതികമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അതേസമയം, എന്‍സിപിയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. തോമസ് ചാണ്ടിക്ക് എതിരെ എല്‍ഡിഎഫിലെ എല്ലാ കക്ഷികളും ശക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ രാജി അധികം നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല. സിപിഐയും സിപിഎമ്മും വരെ ശക്തമായ തീരുമാനം ഈ വിഷയത്തില്‍ എടുത്തുകഴിഞ്ഞു. എല്‍ഡിഎഫ യോഗത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു. മുഖ്യമന്ത്രിയാണ് തീരുമാനം എന്‍സിപി എടുക്കട്ടെ എന്ന് പറഞ്ഞത്. എന്‍സിപിയിലെ നിന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ നാളത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പായി മുഖ്യമന്ത്രി തീരുമാനം വ്യക്തമാക്കുമെന്നാണ് സൂചന. (Read more: തോമസ് ചാണ്ടി: തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്ന് സിപിഐ)

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.