വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ് അന്തരിച്ചു

Posted on: November 14, 2017 1:29 pm | Last updated: November 14, 2017 at 1:29 pm

ബംഗളൂരു: വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലായിരുന്നു അന്ത്യം. 1986 ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. സര്‍വീസസിന് വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിംഗില്‍ പരിശീലനം നേടി. 1986 ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അച്യുതക്കുറുപ്പ് എത്തുന്നത്. 1989 ല്‍ ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു.

1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ പരിശീലകസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1987, 89 വര്‍ഷങ്ങളിലെ സാഫ് ഗെയിംസില്‍ പുരുഷ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.1988ല്‍ അച്യുതക്കുറുപ്പിനെ 1990ലെ ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. ആനന്ദക്കുറുപ്പ്, അനുരാധ എന്നിവരാണ് മക്കള്‍. വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ്.