Connect with us

Kerala

തോമസ് ചാണ്ടിയുടെ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തോമസ് ചാണ്ടിയുടെ ഹരജി നിലനില്‍ക്കില്ലെന്നും മന്ത്രിക്ക് സ്വന്തം സര്‍ക്കാറിനെതിരെ ഹരജി നല്‍കാനാകില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

മന്ത്രിക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് കോടതി അഴിച്ചുവിട്ടത്. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങിവരാന്‍ തയ്യാറാകണമെന്നും അങ്ങനെ ഇറങ്ങിവന്ന് സാധാരണക്കാരനെപ്പോലെ നിയമനടപടികള്‍ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഹരജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. സര്‍ക്കാറിന് മന്ത്രിയെ വിശ്വാസമില്ലെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ഹരജിയെ എതിര്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

നേരത്തെ, മന്ത്രി സര്‍ക്കാറിനെ ആക്രമിക്കുകയാണെന്നും മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസമില്ലെന്ന് തെളിയിക്കുകയാണെന്നും കോടതി വിലയിരുത്തിയിരുന്നു. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയെ അയോഗ്യനാക്കാനുള്ള സാഹചര്യമാണുള്ളത്. സര്‍ക്കാറിനെതിരെ കോടതിയെ സമീപിക്കുന്നത് തെറ്റുതന്നെ. മന്ത്രിക്ക് എങ്ങനെ ഇനി മന്ത്രിസഭയില്‍ ഇരിക്കാനാകുമെന്നും കോടതി ചോദിച്ചു.

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാറിനെതിരെ ഹരജി നല്‍കാന്‍ കഴിയുമോയെന്നും കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യംചെയ്തുള്ള മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുമോയെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.

തോമസ് ചാണ്ടിക്കെതിരെ കോടതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിരുന്നു. ചാണ്ടിയുടെ ഹരജി അപക്വമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എംപികൂടിയായ വിവേക് തന്‍ഖയാണ് ചാണ്ടിക്കായി വാദിക്കുന്നത്.