Connect with us

Ongoing News

റഷ്യയില്‍ ഇറ്റലിയില്ലാത്ത ലോകകപ്പ്; ബഫണ്‍ ബൂട്ടഴിച്ചു

Published

|

Last Updated

മിലാന്‍:  റഷ്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാന്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയില്ല. സ്വന്തം തട്ടകത്തില്‍ നടന്ന യൂറോപ്യന്‍ മേഖലാ രണ്ടാം പാദ പ്ലേ ഓഫീല്‍ സ്വീഡനോട് ഗോള്‍രഹിത വഴങ്ങിയതോടെയാണ് ഇറ്റലിയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. അറുപതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇറ്റലി ഇല്ലാത്ത ലോകകപ്പിന് കളമൊരുങ്ങുന്നത്.

സ്വീഡനെ രണ്ട് ഗോളിന് തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ ഇറ്റലി മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പ്ലേ ഓഫിന്റെ ആദ്യപാദത്തില്‍ സ്വീഡന്‍ ഒരു ഗോളിനു ജയിച്ചിരുന്നു. ജയത്തോടെ സ്വീഡന്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു. 2006ന് ശേഷമാണ് സ്വീഡന്‍ യോഗ്യത നേടിയത്.

ലോകകപ്പ് യോഗ്യത നേടാനാവാഞ്ഞതോടെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും 39 കാരനായ ബഫണ്‍ പറഞ്ഞു. 20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ഇതിഹാസ താരമായ ബഫണ്‍ വിരാമമിട്ടത്. 175 മത്സരങ്ങളില്‍ കോട്ടകാത്ത താരം 2006ല്‍ ഇറ്റലിയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.