ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു

Posted on: November 13, 2017 3:09 pm | Last updated: November 13, 2017 at 4:35 pm
SHARE

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ വാട്ടര്‍ അതോറിറ്റി എംഡി എ ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.

ചെന്നൈ ആസ്ഥാനമായ ഇഎസ്‌ഐഎല്‍. എന്ന കമ്പനിയുടെ പരാതിയില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ എ ഷൈനമോള്‍ക്ക് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഷൈനമോള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇത് അംഗീകരിക്കാനാകില്ലെന്നും എംഡി നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും അതിനാല്‍ ഷൈനമോളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

നേരിട്ടെത്തി മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് ഷൈനാമോള്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ഷൈനാമോള്‍ക്ക് എതിരായ അറസ്റ്റ് വാറണ്ട് തിരിച്ചുവിളിക്കാനും കോടതി ഉത്തരവിട്ടു.