കിം ജോംഗ് ഉന്നിനെ വ്യക്തിപരമായി ആക്ഷേപിച്ച് ട്രംപ്

Posted on: November 12, 2017 11:07 pm | Last updated: November 12, 2017 at 11:07 pm
SHARE

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കെ കിം ജോംഗ് ഉന്നിനെ വ്യക്തിപരമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഉന്നിന്റെ ശരീര പ്രകൃതത്തെ കളിയാക്കിയാണ് ട്രംപിന്റെ ട്വീറ്റ്. തന്നെ വയസ്സനെന്ന് വിശേഷിപ്പിച്ച ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ താന്‍ കിം ജോംഗ് ഉന്നിനെ തടിയനെന്നും കുള്ളനെന്നും വിളിക്കില്ലെന്ന പരിഹാസമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നേരത്തെയും ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ട്രംപിന്റെ ഏഷ്യന്‍ യാത്രയെ അധിക്ഷേപിച്ച് കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പരാമര്‍ശത്തിലാണ് ട്രംപിനെ വയസ്സനെന്ന് ആക്ഷേപിച്ചത്. ട്രംപ് യുദ്ധക്കൊതിയുമായാണ് ഏഷ്യന്‍ സന്ദര്‍ശനത്തിനെത്തിയത്, യുദ്ധം ഇരന്നുവാങ്ങുന്നയാളാണ്, യുദ്ധത്തിനായി അയാള്‍ ആര്‍ത്തി കാണിക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉത്തര കൊറിയന്‍ മന്ത്രാലയം ഉന്നയിച്ചത്. എന്നാല്‍, എന്തിനാണ് തന്നെ വയസ്സനെന്ന് കിം ജോംഗ് ഉന്‍ പരിഹസിക്കുന്നതെന്നും ഞാന്‍ അദ്ദേഹത്തെ കുള്ളനെന്നും തടിയനെന്നും വിളക്കില്ലെന്നും ട്രംപ് പ്രസ്ഥാവിച്ചു.

ഉന്നിന്റെ സ്‌നേഹിതനാകാന്‍ താന്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരിക്കല്‍ അതുണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.