Connect with us

Kerala

ഇസില്‍ ബന്ധം; മുജാഹിദ് നേതാവിനെ വീണ്ടും ചോദ്യം ചെയ്തു

Published

|

Last Updated

വണ്ടൂര്‍: ഭീകര സംഘടനയായ ഇസിലിലേക്ക് മലയാളി യുവാക്കളെ ചേര്‍ത്തതുമായി ബന്ധപ്പെട്ട് വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസിലെ പ്രതിയും മുജാഹിദ് നേതാവുമായ വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനയില്‍ അശ്‌റഫ് മൗലവിയെ വീണ്ടും പോലീസ് ചോദ്യം ചെയ്തു.

മംഗലാപുരത്തുള്ള ഇയാളെ പെരിന്തല്‍മണ്ണയിലേക്ക് വിളിപ്പിച്ചാണ് അന്വേഷണ ചുമതലയുള്ള ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍ ചോദ്യം ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം രണ്ടാം തവണയാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ വിട്ടയച്ചെന്നും വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
ഇസിലിലേക്ക് ആളുകളെ ചേര്‍ക്കുന്നതും സിറിയയിലേക്ക് പറഞ്ഞയക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തില്‍ നിന്നല്ല നടക്കുന്നത് എന്നത് അന്വേഷണത്തെ ബാധിക്കാനിടയുണ്ട്. ബഹ്‌റൈനില്‍ നടന്നെന്ന് പറയുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടപടികളെടുക്കാന്‍ കേരള പോലീസിന് പരിമിതികളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥിരീകരണങ്ങള്‍ ലഭിക്കാതെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കില്ലെന്നാണ് സൂചന. അതേ സമയം ഇസിലില്‍ ചേര്‍ന്ന പാണ്ടിക്കാട് സ്വദേശിയായ സിബിന്‍ എന്ന യുവാവ് സിറിയയില്‍ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇസിലിലേക്ക് മലയാളി യുവാക്കളെ ചേര്‍ക്കുന്നതില്‍ കേരളത്തിലെ പ്രമുഖനും ബഹ്‌റൈന്‍ ഗ്രൂപ്പിലെ പ്രധാനിയുമായി കരുതുന്ന യു കെ ഹംസയെ കണ്ണൂര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ വണ്ടൂര്‍ കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ ബഹ്‌റൈന്‍ ഗ്രൂപ്പിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അതിനിടെ മനയില്‍ അശ്‌റഫ് മൗലവിയുടെ വീട് പോലീസ് റൈഡ് നടത്തി. വിവിധ രേഖകള്‍ പിടിച്ചെടുത്തു.