നൂറോളം കിളികള്‍ ഇനി ശ്യാംകുമാറിന്റെ വീട്ടില്‍ വിരുന്നിനെത്തും

Posted on: November 12, 2017 9:57 am | Last updated: November 11, 2017 at 10:28 pm
SHARE
വിശപ്പകറ്റാനെത്തുന്ന പക്ഷികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ശ്യാംകുമാറും മകള്‍ സജ്ജനയും

പാലക്കാട്: വീണ്ടും ഒരു വേനല്‍ക്കാലം സമാഗതമായി. തേന്‍കുര്‍ശി പഞ്ചായത്തിലെ കരിപ്പാന്‍ കുളങ്ങര വീട്ടില്‍ ശ്യാംകുമാറിന് ഇനി തിരക്കാണ്. രണ്ട്., മൂന്ന് തരത്തില്‍പ്പെട്ട നൂറോളം കിളി ഇനി ശ്യാംകുമാറിന്റെ വീട്ടില്‍ വിരുന്നിനെത്തും. വരുന്ന പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളവും ഭക്ഷിക്കാന്‍ പഴങ്ങളും അരിയും പപ്പായയും നല്‍കും. കാലത്ത് അഞ്ചരക്ക് എഴുന്നേറ്റ് കിളികള്‍ക്ക് വെള്ളം നല്‍കുവാന്‍ വെച്ചിരിക്കുന്ന മണ്‍ച്ചട്ടികള്‍ കഴുകി വൃത്തിയാക്കി പുതിയ വെള്ളം നിറച്ച് വെക്കും.

ആറരക്ക് വണ്ണാത്തിപുള്ള് എത്തും. പിന്നെ കരിയിലക്കിളികള്‍, ചൂട് കൂടുന്നതനുസരിച്ച് ഓലേഞ്ഞാലി, ചെമ്പ്രോത്ത്, കരിങ്കൂയില്‍( പുള്ളിക്കുയില്‍), അറ്റകുപ്പന്‍ ഒരുമിച്ച് വന്ന് പാത്രത്തില്‍ വട്ടത്തിലിരുന്നും കയറില്‍ ഊഴ്ന്നിറങ്ങിയും കുളിക്കും. ഇത് ആറാമത്തെ വര്‍ഷം.

പരന്ന മണ്‍ച്ചട്ടികളില്‍ കയറില്‍ ഉറി പോലെ കെട്ടിത്തൂക്കി വെള്ളം നിറച്ചു വെക്കും. ചോക്ലേറ്റ് ബോക്‌സ്, ഐസ്‌ക്രീം ബോക്‌സ് എന്നിവയിലും ചിരട്ടിയിലും വെള്ളം കെട്ടിതൂക്കി വെക്കും. രാവിലെ മുതല്‍ വിവിധത്തരത്തിലുള്ള പക്ഷികള്‍ വെള്ളം കുടിക്കാനായി വരും. പക്ഷികള്‍ക്ക് പുറമെ അണ്ണാറക്കണ്ണന്‍, ഉടുമ്പ്, പൂമ്പാറ്റകള്‍, ഉറുമ്പുകള്‍, കീരി എന്നിവയും കിളികളുടെ ശബ്ദം കേട്ടാല്‍ വരും. രാത്രി ഏഴ് മണിയായാല്‍ മുങ്ങകളും വേങ്ങമരത്തില്‍ നിറസാന്നിധ്യമാണ്. ഓട്ടോ ഡ്രൈവറായ ശ്യാംകുമാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഭാര്യ സാജിതയാണ് പാത്രങ്ങളില്‍ വെള്ളം നിറച്ച് വെക്കുന്നത്. മക്കള്‍: സായൂജ്. സജ്ജന. പ്രകൃതി, പക്ഷി സംരക്ഷണത്തെ കണക്കിലെടുത്ത് ശ്യാംകുമാറിന് ഹരിത, പ്രകൃതിമിത്ര, ഭൂമിമിത്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.