സര്‍ഗാത്മക വിദ്യാര്‍ഥിത്വത്തിന്റെ നേര്‍സാക്ഷ്യമായി മൗണ്ട് റാസി

Posted on: November 11, 2017 10:43 pm | Last updated: November 12, 2017 at 1:01 pm
SHARE
എസ്എസ്എഫ് കേരളാ കാമ്പസ് അസംബ്ലി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

നടവയല്‍: പച്ചമൂടി നില്‍ക്കുന്ന നടവയലിലെ നോക്കെത്തായ ദൂരത്തേക്ക് പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍ പോലെ വിശാലവും പ്രൗഡവുമായിരുന്നു മൗണ്ട് റാസിയിലെ ചര്‍ച്ചകളും. ആശയങ്ങള്‍ പങ്കു വെച്ചും വിദഗ്ധരോടൊത്തുള്ള സംവാദങ്ങളില്‍ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ചോദിച്ചും സംവാദങ്ങളെ ഉണര്‍ത്തിയ വിദ്യാര്‍ഥി പ്രതിനിധികള്‍ ഒരു വിദ്യാര്‍ഥി സംഘടന തുറന്നിടുന്ന സംവാദത്തിന്റെ സാധ്യതകളുടെയും വിദ്യാര്‍ഥികളുടെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളുടെയും കൂടി ആവിഷ്‌കാരമായി.സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ നിന്നും കേരളത്തിന് പുറ ത്തെ 37 സര്‍വകലാശാലകളില്‍ നിന്നും എത്തിയ 4500 വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി ശാസ്ത്രമാനവിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ വിപുലമായ കൂട്ടായ്മയായ എസ് എസ് എഫ് സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലി അക്ഷരാര്‍ഥത്തില്‍ എസ് എസ് എഫ് വിഭാവനം ചെയ്യുന്ന സര്‍ഗാത്മക വിദ്യാര്‍ഥിത്വത്തിന്റെ നേര്‍ സാക്ഷ്യമായി മാറി.

വര്‍ത്തമാനകാല വിദ്യാര്‍ഥി ജീവിതത്തെ സ്പര്‍ശിക്കുന്ന വ്യത്യസ്ത വിഷയങ്ങളില്‍ നടന്ന ഗഹനമായ പഠനങ്ങളെ മുന്‍ നിര്‍ത്തിയുള്ള ആശയ സംവാദങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ട് സംഘടിപ്പിച്ച കാംപസ് അസ്സംബ്ലി, ഒരേ സമയം സംഘാടനത്തിലെ മികവുകൊണ്ടും ഉള്ളടക്കത്തില്‍ തികവു കൊണ്ടും ആകര്‍ഷണീയമായി. പുതിയ കാലത്തെ കാംപസ്സുകളെ കുറിച്ചും വിദ്യാര്‍ഥി തലമുറയെ കുറിച്ചും കേട്ടുമടുത്ത പതിവു ശീലുകള്‍ക്കു തിരുത്തല്‍ മാത്രമല്ല, വിദ്യാര്‍ഥിത്വത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് പുതു നാമ്പുകല്‍ കൂടി നല്‍കുന്നതായി മൗണ്ട് റാസിയിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ നടത്തിയ ഇടപെടലുകള്‍. ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചുകൊണ്ടും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും വിദ്യാര്‍ഥിത്വത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന അഭിശപ്ത കാലത്തെ സര്‍ഗാത്മകമായ ജാഗ്രതകൊണ്ട് മറികടക്കുമെന്നു അവര്‍ ദൃഢ പ്രതിജ്ഞയെടുത്തു.

മതം, സമൂഹം, സാംസ്‌കാരികം, രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ പത്തിലധികം വിഷയങ്ങളാണ് ഇന്നലെ മൗണ്ട് റാസിയില്‍ ചര്‍ച്ച ചെയ്തത്. ബുക് സ്യൂള്‍ എന്ന തലക്കെട്ടില്‍ വൈകുന്നേരം മൂന്നു വേദികളിലായി നടന്ന പുസ്തക ചര്‍ച്ചകള്‍ മലയാളി വിദ്യാര്‍ഥികളുടെ വായനയുടെ പുതിയ അഭിരുചിയും ശീലവും വെളിപ്പെടുത്തുന്നത് കൂടിയായി. ചരിത്രം, ആത്മീയത, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളാണ് സംവാദത്തില്‍ ചര്‍ച്ചക്കെടുത്തത്. തങ്ങളുടെ പഠന അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് പുസ്തക ചര്‍ച്ച സംവിധാനിച്ചത്. അസ്സംബ്ലിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വായനയ്ക്ക് വേണ്ടി നേരത്തെ നിര്‍ദേശിച്ച പുസ്തകങ്ങളും പഠനങ്ങളും ചര്‍ച്ചകളെ കൂടുതല്‍ സജീവവും ക്രിയാത്മകവുമാക്കി.
ഒരു മുസ്‌ലിം വിദ്യാര്‍ഥിയുടെ വിശ്വാസപരവും അക്കാദമിക്കുമായ മേഖലകളുടെ വൈപുല്യം അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു മൗണ്ട് റാസിയിലെ ചര്‍ച്ചകള്‍. ആരാധനാ രീതികളില് കര്‍മ്മശാസ്ത്രപരമായ ചര്‍ച്ചകള്‍ മുതല്‍, മാനവിക, സാമൂഹിക ശാസ്ത്ര മേഖലകളിലെ പുതിയ സിദ്ധാന്തങ്ങള്‍ വരെ വിവിധ സെഷനുകളില്‍ ചര്‍ച്ചക്ക് വന്നു. അരരോഗ്യമേഖലയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന നിഗമനങ്ങളോട് പ്രതികരിച്ചുകൊണ്ട് ശൈഖ് ഇബ്‌നു ഹജര്‍ തന്റെ കര്‍മ്മശാസ്ത്ര രചനകളില്‍ നടത്തിയ ഇടപെടലുകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാരുടെ പ്രഭാഷണം പഴയ കാല മുസ്‌ലിം മതപണ്ഡിതന്മാരുടെ വിജ്ഞാന സമ്പാദന രീതികളില് രീതി ശാസ്ത്രങ്ങളെ പരിചയപ്പെടുത്തി. ശാസ്ത്രമാനവീയ വിജ്ഞാനത്തെ വ്യത്യസ്ത പഠന വിഭാഗങ്ങളായി വേറിട്ടു നിര്‍ത്തി പഠിക്കുന്നതിനു പകരം, വിവിധ പഠന മേഖലകളെ ഒന്നിച്ചു ചേര്‍ത്തിക്കൊണ്ടുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ ഇന്റര്‍ ഡിസിപ്പ്‌ലിനറി സമീപനങ്ങളെ വീണ്ടെടുക്കേണ്ടത്തിന്റെ ആവശ്യകത വിദ്യാര്‍ഥികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നടവയല്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയുടെ സ്വഭാവ സവിശേഷതകള്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള വേദിയും പരിസരവും വയനാടിന്റെ പ്രകൃതി മനോഹാരിതയെ കൂടുതല്‍ അടുത്തറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തങ്ങളുടെ നാട്ടിലേക്ക് വിരുന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ നാട്ടുകാരും മുന്നിട്ടിറങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here