Connect with us

Gulf

നവ സാമ്പത്തിക യുഗം തേടി ഇന്ത്യ-യു എ ഇ മുന്നേറ്റം

Published

|

Last Updated

ദുബൈ: വൈവിധ്യവത്കരണ പദ്ധതികളില്‍ യു എ ഇയും ഇന്ത്യയും കൈകോര്‍ക്കുകയാണെന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയം.

നൂതന ആശയങ്ങളിലൂടെയും സാങ്കേതിക-വൈജ്ഞാനിക മികവിലൂടെയും എണ്ണയിതര കാലഘട്ടത്തിലേക്ക് യു എ ഇ മുന്നേറുമ്പോള്‍ ആഭ്യന്തര വിപണി ശക്തിപ്പെടുത്തല്‍, വനിതാ ശാക്തീകരണം തുടങ്ങിയ നടപടികളിലൂടെ ഇന്ത്യയും വികസനപാതയിലാണെന്ന് ജുമാ മുഹമ്മദ് അല്‍ ഗെയ്ത് ചൂണ്ടിക്കാട്ടി. യു എ ഇ-ഇന്ത്യ സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു ജുമാ മുഹമ്മദ് അല്‍ ഗെയ്ത്.

വിവിധ മേഖലകളില്‍ സഹകരണം ഊര്‍ജിതമാക്കിയ ഇന്ത്യക്കും യു എ ഇക്കും ശക്തമായ സാമ്പത്തിക അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ-സാമ്പത്തിക മേഖലകളില്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചു. കൂടുതല്‍ കരാറുകള്‍ രൂപം കൊള്ളുകയാണ്. ഇരട്ടച്ചുങ്കം ഒഴിവാക്കല്‍, നിക്ഷേപ സമാഹരണ, സംരക്ഷണ നടപടികള്‍ തുടങ്ങിയവ നൂതന പദ്ധതികള്‍ക്കു വഴിയൊരുക്കുന്നു. വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച വ്യോമയാനരംഗത്തും പ്രതിഫലിക്കുന്നു. യു എ ഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആയിരത്തിലേറെ നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ട്.

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ചും തുടര്‍നടപടിക്രമങ്ങളെക്കുറിച്ചും സാമ്പത്തിക ഫോറം ചര്‍ച്ചചെയ്യും. ഇതിനോടകം തുടക്കമിട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കില്‍ തരണം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും.

വ്യവസായം, ഗതാഗതം, ടൂറിസം, കാര്‍ഷികം, പാരമ്പര്യേതര ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യകള്‍, ജലം, ബഹിരാകാശം, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സഹകരണമുണ്ടാക്കുകയും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യും. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപ പദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാര്‍ഗരേഖകള്‍ തയാറാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സാമ്പത്തിക ഫോറത്തിന്റെ പരിധിയിലുള്ളത്.
സാമ്പത്തിക മന്ത്രാലയം, യു എ ഇ ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റേഴ്സ് കൗണ്‍സില്‍ (യു എ ഇ ഐ ഐ സി), ഫെഡറേഷന്‍ ഓഫ് യു എ ഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ഇന്‍വെസ്റ്റ് ഇന്ത്യ, ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുരൂഖ്) എന്നിവയും സാമ്പത്തിക ഫോറത്തില്‍ പങ്കാളികളാണ്. ഫോറത്തില്‍ വാണിജ്യ-സാമ്പത്തിക മേഖലകളില്‍ ഒട്ടേറെ കരാറുകളില്‍ ഒപ്പുവെച്ചു.