ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്കായി ചെലവഴിക്കുന്നത് രണ്ട് മിനുട്ട്‌

Posted on: November 10, 2017 12:40 am | Last updated: November 10, 2017 at 12:32 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാന്‍ ചെലവഴിക്കുന്ന ശരാശരി സമയം വെറും രണ്ട് മിനുട്ട് മാത്രമെന്ന് അന്താരാഷ്ട്ര പഠനം. ഒരു രോഗിയെ ഒരു സമയത്ത് പരിശോധിക്കുന്നതിന്റെ ശരാശരി സമയം പഠന വിധേയമാക്കി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ബി എം ജെ ഓപണ്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 67 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്.

2015ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച ശരാശരി സമയം ശരാശരി രണ്ട് മിനുട്ട് മാത്രമാണ്. പാക്കിസ്ഥാനിലിത് 1.7 മിനുട്ട് മാത്രമാണെന്നും പഠനം വെളിവാക്കുന്നു.
സ്വീഡന്‍, നോര്‍വേ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശരാശരി പരിശോധനാ സമയം ഇരുപത് മിനുട്ടില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
കുറഞ്ഞ പരിശോധനാ സമയം രോഗനിര്‍ണയത്തെയും രോഗികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്നും പറയുന്നു.