Connect with us

Gulf

കേരളവുമായി ശൈഖ് സുല്‍ത്താന് മാനസികയിഴയടുപ്പം: അല്‍ ആമിരി

Published

|

Last Updated

ഷാര്‍ജ: യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഇന്ത്യന്‍ സാംസ്‌കാരിക സവിശേഷതകളോട് വിശിഷ്യാ കേരളത്തിന്റെ സംസ്‌കാരത്തോടും മലയാള സാഹിത്യത്തോടും മാനസികമായി ഇഴയടുപ്പമുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് റകദ് അല്‍ ആമിരി. പുരാതന കാലം തൊട്ടേ കേരളവുമായി അടുത്ത ബന്ധമാണ് അറബ് രാജ്യങ്ങള്‍ പുലര്‍ത്തി പോന്നിട്ടുള്ളത്. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നതിനാണ് ശൈഖ് സുല്‍ത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറാജിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍നിന്ന് 200ലധികം പ്രസാധകരാണ് ഈ വര്‍ഷം പുസ്തക മേളക്ക് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ സാഹിത്യ, രാഷ്ട്രീയ, സിനിമാ മേഖലയില്‍ നിന്ന് ഒട്ടനവധി പ്രമുഖരാണ് പുസ്തകോത്സവ വേദിയില്‍ അതിഥികളായി എത്തുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിദ്ധ്യം മേളയെ അന്താരാഷ്ട്ര തലത്തില്‍ മികവുറ്റതാക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ശൈഖ് സുല്‍ത്താന്റെ കേരളാ സന്ദര്‍ശനത്തെ തുടര്‍ന്ന് അതിന്റെ അനുരണങ്ങള്‍ മേളയില്‍ സന്ദര്‍ശകരുടെ രൂപത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം പുസ്തക മേളയില്‍ കൂടുതല്‍ ലോകോത്തര പ്രകടനങ്ങള്‍ അക്ഷര പ്രേമികള്‍ക്ക് പ്രതീക്ഷിക്കാം. ഇതിനായി ആഗോള തലത്തില്‍ പ്രശസ്തരായ കലാകാരന്‍മാരാണ് മേളയുടെ ഭാഗമാകുക. കൂടുതല്‍ പവലിയനുകളും പ്രസാധകരും മേളയിലെ എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ബഹുമതി ലഭിച്ച ഷാര്‍ജ അക്ഷര നഗരിയുടെ ആഘോഷത്തിന് യു എ ഇയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭാഗവാക്കാവുന്ന തരത്തില്‍ അതി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.