ദിനംപ്രതി പത്ത് പേര്‍ മരിക്കുന്നു; കേരളത്തിലും ഡല്‍ഹി മോഡല്‍ വായു മലിനീകരണം

[contact-form][contact-field label="Name" type="name" required="true" /][contact-field label="Email" type="email" required="true" /][contact-field label="Website" type="url" /][contact-field label="Message" type="textarea" /][/contact-form]
Posted on: November 8, 2017 9:18 am | Last updated: November 8, 2017 at 11:33 am
ഡല്‍ഹിയിലെ തെരുവ് പുകമഞ്ഞ് മൂടിയപ്പോള്‍

പാലക്കാട്: ഡല്‍ഹി, മുംബൈ നഗരങ്ങളുടേതിന് സമാനമായി കേരളത്തിലും വായുമലിനീകരണം രൂക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളില്‍ വ്യാവസായിക മലിനീകരണമാണ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാകുന്നതെങ്കില്‍ കേരളത്തില്‍ വാഹനപെരുപ്പമാണ് വായു മലീനികരണത്തിന്റെ വ്യാപ്തി കൂട്ടുന്നത്.

വായുവിലെ സള്‍ഫര്‍ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, പൊടിപടലങ്ങള്‍ എന്നിവയാണ് വായുവിന്റെ നിലവാരം നിശ്ചയിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അളക്കുന്നത്. കേരളത്തിലെ മുപ്പത് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വായു വളരെ മലിനീകരിക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 123 ശതമാനമാണ് സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. 2015-16 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 1,01,71,813 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഒരു ദിവസം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ കാരണം കേരളത്തില്‍ പത്തോളം പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍. ശ്വാസകോശ അലര്‍ജിയുടെ പ്രധാന വില്ലന്‍ വായുമലിനീകരണമാണ്. കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഗണ്യമായ വിഭാഗം ഇത്തരം രോഗങ്ങള്‍ പിടിപെടുന്നവരാണ്.

വ്യാപകമായ വനനശീകരണവും വായുമലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. മണിക്കൂറില്‍ 13.5 കിലോ ഓക്‌സിജന്‍ ഒരാള്‍ക്ക് ശ്വസിക്കാന്‍ ആവശ്യമുണ്ട്. അന്തരീക്ഷ മലിനീകരണം ഇത് അസാധ്യമാക്കുന്നു. ഓക്‌സിജന്റെ കുറവ് മനുഷ്യരക്തത്തെ മലിനീകരിക്കുന്നു. ആസ്ത്മ പോലുള്ള അലര്‍ജി രോഗങ്ങള്‍ ചെറുപ്രായത്തിലേ ബാധിക്കുന്നു.
ഇന്ത്യന്‍ നഗരങ്ങളില്‍ മണിക്കൂറില്‍ മൂന്ന് പേര്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 2015ല്‍ മാത്രം 5.2 ലക്ഷം പേര്‍ വായുമലിനീകരണത്തെ തുടര്‍ന്ന് മരിച്ചു. ഇന്ത്യയില്‍ പ്രതിവര്‍ഷം 2.6 കോടി ജനങ്ങള്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. ഇതില്‍ പ്രധാനം അര്‍ബുദമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.