വ്യവസായ അന്തരീക്ഷം മെച്ചപ്പെടണമെങ്കില്‍

Posted on: November 6, 2017 9:25 am | Last updated: November 6, 2017 at 9:25 am

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ സുരക്ഷ തുടങ്ങി പല കാര്യങ്ങളിലും കേരളം മുന്‍പന്തിയിലാണെങ്കിലും വ്യവസായ അനുകൂല സാഹചര്യത്തില്‍ ഏറെ പിന്നിലാണ്. കേന്ദ്ര വ്യവസായ വകുപ്പ് പുറത്തിറക്കുന്ന വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 2015-ല്‍ 18-ാം സ്ഥാനത്തും 2016ല്‍ 20-ാം സ്ഥാനത്തുമായിരുന്ന കേരളം ഈ വര്‍ഷം 27-ാം സ്ഥാനത്താണുള്ളത്. വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ക്ക് ഏക ജാലകവും ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വ്യവസായികളെ ആകര്‍ഷിക്കുന്നതിന് ലോകബേങ്കും കേന്ദ്രത്തിലെ വ്യവസായ പ്രോത്സാഹന, നയരൂപവത്കരണ മന്ത്രാലയവും ചേര്‍ന്നു തയാറാക്കിയ ‘ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനി’ ല്‍ നിര്‍ദേശിച്ച പരിഷ്‌കരണ പരിപാടികളില്‍ കേരളം ഏറെ മുന്നേറിയിട്ടുമുണ്ട്. പക്ഷേ പ്രതീക്ഷിച്ച ഫലം ഉളവാകുന്നില്ല.
അപേക്ഷ ക്ഷണിക്കല്‍, ഭൂമി വാങ്ങല്‍ നടപടികള്‍ ലഘൂകരിക്കല്‍, കെട്ടിട നിര്‍മാണ അനുമതി, പരിസ്ഥിതി-മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമ്മതപത്രം, മറ്റു ലൈസന്‍സുകള്‍, വൈദ്യുതി, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കല്‍, തൊഴിലാളികളുടെ നിയമനം, സ്ഥാപനത്തിലേക്കുള്ള റോഡ് നിര്‍മാണം തുടങ്ങി ഒട്ടേറെ കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട്. ഓരോ ഘട്ടം പിന്നിടാനും കാലതാമസമെടുക്കും. അനുമതിക്കായി അപേക്ഷകന്‍ നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവരുന്നു. ഇത്തരം നൂലാമാലകള്‍ ഓര്‍ത്തു പലരും പിന്തിരിയുകയാണ്. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം വ്യവസായസംരംഭങ്ങള്‍ക്ക് അനുമതി ലഭ്യമാകുന്നതിന് കൂടുതല്‍ കാലതാമസം വരുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് കേരളം. ഇന്ത്യയില്‍ ശരാശരി 118 ദിവസം കൊണ്ട് വ്യവസായത്തിന് അനുമതി കിട്ടുമെങ്കില്‍ കേരളത്തില്‍ 214 ദിവസമെടുക്കും. തമിഴ്‌നാട്ടില്‍ 63 ഉം ആന്ധ്രാപ്രദേശില്‍ 67ഉം ദിവസം മതി. കെട്ടിടനിര്‍മാണ അനുമതിക്ക് കേരളത്തില്‍ 134 ദിവസം വേണം. ഹിമാചല്‍പ്രദേശില്‍ വെറും ഒമ്പതു ദിവസം മാത്രവും. പിന്നെ എങ്ങനെയാണ് വ്യവസായ സംരഭകര്‍ കേരളത്തിലേക്ക് വരിക?
ഇതിനിടെ സര്‍ക്കാര്‍ അംഗീകൃത വ്യവസായ സംഘടനയായ കേരള സ്‌റ്റേറ്റ് എസ് എം ഇ ഒ നടത്തിയ നീക്കത്തിന്റെ ഫലമായി ഗവര്‍ണറുടെ ഇടപെടലിലൂടെ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ലഘൂകരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം അനുമതി ലഭിച്ചതായി കണക്കാക്കാമെന്നുമാണ് ഒരു വ്യവസ്ഥ. നിലവില്‍ ഒരു വര്‍ഷത്തേക്ക് മാത്രം നല്‍കിയിരുന്ന ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ദീര്‍ഘിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കിന് മാനേജ്‌മെന്റിന്റെ താത്പര്യാനുസരണം തൊഴിലാളികളെ ഇറക്കാമെന്നും വ്യവസ്ഥയുണ്ട്. ഉടമക്ക് സ്വന്തം തൊഴിലാളികളെയോ യന്ത്രം ഉപയോഗിച്ചോ കയറ്റിറക്കു നടത്താം. കണ്ടെയ്‌നറുകള്‍, കപ്പലുകള്‍, മറ്റ് ചരക്കുവാഹനങ്ങള്‍ എന്നിങ്ങനെ ഏതു മാര്‍ഗേനയുള്ള ചരക്കുകളുടെ കയറ്റിറക്കും ഇതില്‍ ഉള്‍പ്പെടുത്താം. തൊഴിലാളി യൂനിയനുകള്‍ക്ക് ഇക്കാര്യത്തില്‍ അവകാശം ഉന്നയിക്കാനാകില്ല. ഈ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെടും.
പരിസ്ഥിതി പ്രവര്‍ത്തകരുടെ തത്വദീക്ഷയില്ലാത്ത എതിര്‍പ്പ്, ഹര്‍ത്താലുകള്‍, സമരങ്ങള്‍, രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിന്റെ ഭാഗമായുള്ള എതിര്‍പ്പ് തുടങ്ങിയ കാര്യങ്ങളിലും മാറ്റം വരേണ്ടതുണ്ട്. പരിസ്ഥിതിയെ തീരെ പരിഗണിക്കാത്ത വ്യവസായ നയം പറ്റില്ലെന്നപോലെ പരിസ്ഥിതിയുടെ പേരില്‍ എന്തിനും തടസ്സം നില്‍ക്കുന്ന പ്രവണതയും എതിര്‍ക്കപ്പെടേണ്ടതാണ്. കേരളം പോലെ ജനസാന്ദ്രത കൂടിയ കൊച്ചു സംസ്ഥാനത്ത് പരിസ്ഥിതി സ്‌നേഹികളെ പൂര്‍ണമായും തൃപതിപ്പെടുത്തി വ്യവസായം തുടങ്ങാനോ, വികസനം നടപ്പാക്കാനോ സാധ്യമാകില്ല. കേരളത്തോളം വലിപ്പമുള്ള ജപ്പാനില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും പരിസ്ഥിതി വാദികളും ഇല്ലാതെയല്ല. എന്നിട്ടും അവര്‍ ലോകത്തിലെ പ്രമുഖ വ്യവസായ ശക്തിയായി മാറി. ഇക്കാര്യത്തില്‍ പരിസ്ഥിതി വാദികളുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച കൂടിയേ തീരൂ. യു ഡി എഫ് നടപ്പാക്കുന്ന സംരഭങ്ങളെ എല്‍ ഡി എഫും മറിച്ചും അന്ധമായി തടസ്സപ്പെടുത്തുന്ന സ്ഥിതി വിശേഷമുണ്ട് സംസ്ഥാനത്ത് പലപ്പോഴും. കുടുസ്സായ കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപരി സംസ്ഥാനത്തിന്റെ വളര്‍ച്ചക്കും വികസന മുന്നേറ്റത്തിനും പരിഗണ നല്‍കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് ഈ പാര്‍ട്ടികള്‍ മുന്നേറണം. മൗലികാവകാശങ്ങളെ ഹനിക്കുന്ന സമരമുറകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴില്‍ സംഘടനകളും തയാറില്ലെങ്കില്‍ വ്യവസായങ്ങളെ അതില്‍ നിന്നൊഴിവാക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കേണ്ടതാണ്. സര്‍ക്കാറിനൊപ്പം പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ഉണ്ടെങ്കിലേ സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടൂ.