ജയ് ഷായ്ക്ക് പിന്നാലെ അജിത് ഡോവലിന്റെ മകനെതിരെയും ഗുരുതര ആരോപണം

Posted on: November 4, 2017 10:00 am | Last updated: November 4, 2017 at 1:26 pm
SHARE

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍നിന്ന് അനധികൃതമായി സംഭാവന ലഭിക്കുന്നതായി ആരോപണം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തു വിട്ട ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയര്‍’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷന്‍. ശൗര്യ ഡോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ചേര്‍ന്നാണ് ഫൗണ്ടേഷന്റെ നടത്തിപ്പുകാര്‍. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം ജെ അക്ബര്‍ എന്നിവര്‍ ഇന്ത്യ ഫൗണ്ടേഷനില്‍ ഡയറക്ടര്‍മാരാണ്. ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍ നിന്ന് ഇന്ത്യ ഫൗണ്ടേഷന്‍ സംഭാവനകള്‍ സ്വീകരിക്കുന്നുവെന്നാണ് പ്രധാന ആരോപണം. പ്രതിരോധ മന്ത്രി ഡയറക്ടറായ ഒരു ഫൗണ്ടേഷന്‍ ഇത്തരത്തില്‍ സംഭാവന സ്വീകരിക്കുന്നത് ഗൗരവതരമാണ്. ഫൗണ്ടേഷന്റെ ചില സെമിനാറുകള്‍ സ്‌പോണ്‍സര്‍ ചെയ്തത് ബോയിംഗ് കമ്പനിയാണ്. 111 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ കരാര്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടക്കുമ്പോഴാണ് ഇന്ത്യ ഫൗണ്ടേഷന് ബോയിംഗ് കമ്പനി സംഭാവന നല്‍കിയിരിക്കുന്നത്. ആയുധവ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബേങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍, എത്ര തുക ഇത്തരത്തില്‍ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ല.

ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും നയതീരുമാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ശൗര്യ ഡോവല്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന സംഘടനയുടെ ഇത്തരം സ്വാധീനം രാജ്യതാത്പര്യവുമായി സംഘര്‍ഷം സൃഷ്ടിക്കുന്നു. വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടില്ല. കോണ്‍ഫറന്‍സുകളും പരസ്യവും ജേണല്‍ പ്രസിദ്ധീകരണവുമാണ് വരുമാനമാര്‍ഗമെന്ന് ശൗര്യ ഡോവല്‍ പറയുന്നു. എന്നാല്‍, ന്യൂഡല്‍ഹിയിലെ സമ്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നല്‍കുന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ജേണലില്‍ കാര്യമായ പരസ്യങ്ങള്‍ ഉള്ളതായി കാണുന്നില്ലെന്നും ദ വയര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here