വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി

Posted on: November 2, 2017 9:30 pm | Last updated: November 2, 2017 at 9:30 pm

ദുബൈ: വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ സ്ത്രീ ഉള്‍പെടെയുള്ള മൂന്ന് നൈജീരിയന്‍ സ്വദേശികള്‍ക്ക് ആറു മാസം തടവ്.
നൈജീരിയന്‍ യുവതിയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വിനോദ സഞ്ചാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും പണംതട്ടുകയും ചെയ്തുവെന്നാണ് കേസ്.
ദുബൈ പ്രാഥമിക കോടതിയാണ് മൂന്നുപേര്‍ക്കും ശിക്ഷ വിധിച്ചത്. വിനോദ സഞ്ചാരിയുടെ സ്വകാര്യതയില്‍ ഇടപെട്ടു, നഗ്‌നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി, ടെലികമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിന്റെ ദുരുപയോഗം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. 22 വയസുള്ള യുവതി, സഞ്ചാരിയെ നഗ്‌നനാക്കിയെന്ന് സമ്മതിച്ചു.

എന്നാല്‍ മറ്റു രണ്ടു സുഹൃത്തുക്കളായ പുരുഷന്‍മാര്‍ പണവും വാച്ചും തട്ടിയെടുത്ത കാര്യം സമ്മതിച്ചില്ല. കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.
ഡേറ്റിങ് ആപ് വഴി യൂറോപ്യന്‍ യുവതിയുമായി ചാറ്റ് ചെയ്തതിനു ശേഷം ഓഗസ്റ്റില്‍ ദുബൈയിലെ ഹോട്ടലില്‍ എത്താനായിരുന്നു തീരുമാനം. ഇവരുടെ ചിത്രങ്ങള്‍ വിനോദസഞ്ചാരി ആപ് വഴി കണ്ടിരുന്നു.