Connect with us

Articles

വിജയ്‌യെ ആര്‍ക്കാണ് പേടി

Published

|

Last Updated

വിയോജിപ്പുകളോട് യോജിക്കുന്നതിന് പകരം ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എതിര്‍ക്കുന്നവരെയെല്ലാം നിശബ്ദരാക്കുക എന്നതാണ് ഭരണകൂടത്തിന്റെ തത്വം. നേര്‍ക്കുനേരെയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ മാത്രമല്ല, കലയോടും സാഹിത്യത്തോടും കലാകാരന്മാരോടും ഇവര്‍ കാണിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. സര്‍ക്കാറിന്റെ പദ്ധതികളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ തമിഴ് ചിത്രം മെര്‍സലിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധവുമായി ബി ജെ പി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തമിഴിലെ ഒരു കൊമേഴ്‌സ്യല്‍ ഹിറ്റിന് വേണ്ട എല്ലാ ചേരുവകളോടെയും നിര്‍മിച്ചിരിക്കുന്നതാണ് മെര്‍സില്‍. കൊലപാതകത്തില്‍ കുറ്റമാരോപിക്കപ്പെട്ട ഡോക്ടര്‍ നിരപരാധിത്വം തെളിയിച്ച്, യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ വിജയത്തിനായി സിനിമയെടുക്കുന്ന കാലത്തെ പൊതു വിഷയങ്ങള്‍ പരാമര്‍ശിക്കുക എന്നത് പുതിയകാലത്ത് പലരും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. ഭരിക്കുന്നവര്‍ക്കെതിരെയും മറ്റും സംഭാഷണങ്ങള്‍ രൂപപ്പെടുത്തി സിനിമയുടെ വാണിജ്യരംഗം കൊഴുപ്പിക്കുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യം. മെര്‍സിലിലും നിര്‍മാതാക്കള്‍ ഇതുതന്നെയാണ് ചെയ്തത്. മെഡിക്കല്‍ രംഗത്തെ തീവെട്ടികൊള്ളയും കോര്‍പറേറ്റുകളോടുള്ള സന്ധിചേരലും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. സിനിമയും ജീവിതവും രണ്ടാണെന്ന തിരിച്ചറിവുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി.
തമിഴ്‌നാടും സിനിമയും തമ്മിലുള്ള ബന്ധം ഒരു കല എന്നതിലപ്പുറം സിനിമ അവരുടെ ജീവിതത്തിന്റെ ഭാഗമായും അഭിനേതാക്കള്‍ ആരാധ്യരായും മാറിയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ സര്‍ക്കാറിന്റെ പൊള്ളത്തരങ്ങളെ ജനങ്ങളിലെത്തിക്കാന്‍ മെര്‍സിലിന് ആകുമെന്നും ബി ജെ പി ഭയപ്പെട്ടിരിക്കണം. ഭരണകൂടത്തിനെതിരെ വസ്തുതകള്‍ നിരത്തി പുറത്തിറങ്ങിയ ആഴത്തിലുള്ള പഠനമൊന്നുമല്ലാതിരുന്നിട്ടുപോലും ഇതിനെതിരെ തമിഴ്‌നാട്ടിലെ സംസ്ഥാന ഘടകവും കേന്ദ്രവും ഒരുമിച്ചിറങ്ങിയതിന് പിന്നില്‍ കോര്‍പറേറ്റുകളോടുള്ള ബി ജെ പി സര്‍ക്കാറിന്റെ പ്രീണനം ജനങ്ങളറിയും എന്നത് തന്നെയാണ് . എത്രയോ സിനിമകളില്‍, മലയാളത്തില്‍പോലും മെഗാസ്റ്റാറുകള്‍ ഭരണകൂടത്തിനെതിരെയും രാഷ്ട്രീയ സംഘടനകള്‍ക്കെതിരെയും ഒട്ടനവധി വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഉയര്‍ന്നുവരാത്ത വാദങ്ങളാണ് മോദിക്കാലത്ത് വന്നുകൊണ്ടിരിക്കുന്നത്. ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ ഒരു കല എന്ന നിലയില്‍ യോജിക്കാത്ത ആശയങ്ങളെ അവഗണിക്കാനുള്ള സന്നദ്ധതയെങ്കിലും ബി ജെ പി ചെയ്യേണ്ടതായിരുന്നു. സിനിമകള്‍ നല്‍കുന്ന പാഠങ്ങള്‍ പലപ്പോഴും പൊള്ളത്തരങ്ങളും യുക്തിരഹിതവുമാണെന്ന് അറിയാത്തവരായി ആരുമില്ല. പലപ്പോഴും ഉപരിപ്ലവമായി വിഷയത്തെ നോക്കിക്കണ്ട് ലാഭക്കൊതിമാത്രം പ്രതീക്ഷിക്കുന്ന ആഘോഷങ്ങളാണ് സിനിമകള്‍. എന്നാല്‍ ഇത്തരം സിനിമകള്‍ക്കുള്ളിലെ ഒരു ഡയലോഗിനെപോലും ഭയപ്പെടുകയാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയമെന്നതാണ് തമിഴ്‌നാട്ടില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
സമൂഹത്തില്‍ പലരും ചോദിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെ പ്രതിപാദിക്കുമ്പോള്‍ പോലും അതിനെ സര്‍ഗാത്മകത എന്ന രീതിയില്‍പോലും ഉള്‍ക്കൊളളാന്‍ ഉത്തരവാദപ്പെട്ട ഭരണതലപ്പത്തിരിക്കുന്നവര്‍ക്ക് കഴിയുന്നില്ല. ഇത് ജനാധിപത്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമെതിരെ ഏറ്റവും അടിത്തട്ടില്‍ വന്നുകൊണ്ട് നടത്തുന്ന ആധിപത്യമാണെന്ന് പറയേണ്ടിവരും. ദരിദ്രജനകോടികളുടെ ഡിജിറ്റല്‍ ഇന്ത്യയും, മുന്‍കരുതലുകളൊന്നുമില്ലാതെ തിരക്കുപിടിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതിയും (ജി എസ് ടി) രാജ്യത്തെ സാധാരണ ജനവിഭാഗങ്ങളിലുണ്ടാക്കിയ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ചു എന്നതാണ് മെര്‍സില്‍ ചെയ്ത അപരാധം. ആരാണ് തങ്ങള്‍ക്കെതിരെ വിമര്‍ശിക്കുന്നതെന്ന് തിരഞ്ഞുപിടിച്ചന്വേഷിക്കുകയും എതിരഭിപ്രായമുളളവര്‍ക്കെതിരെ നിയമനിര്‍മാണ നടപടികള്‍ ആരംഭിക്കുകയുമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രതിനിധികള്‍ക്കെല്ലാമുള്ള പ്രധാനജോലി. വിമര്‍ശനങ്ങളോട് ചര്‍ച്ചയും സംവാദവും തീര്‍ക്കേണ്ടിടത്ത് നിന്ന് തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നീക്കങ്ങളിലൂടെയാണ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഏറ്റവും അപകടകരമായ വസ്തുത. അഭിപ്രായ സ്വാതന്ത്ര്യമെന്നത് ദേശവിരുദ്ധമായ ആശയമാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇവരുടെ ശ്രമം. മാത്രമല്ല ജനാധിപത്യവും മതേതരത്വവും എന്ന ഭരണഘടനാ ആശയം നിലനില്‍ക്കുന്നത് തന്നെയാണ് രാജ്യത്തെ ഹിന്ദുത്വശക്തികളെ സംബന്ധിച്ച് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മൂന്ന് വര്‍ഷത്തെ ഭരണത്തിലൂടെ കൃത്യമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കലയും സാഹിത്യവും ക്രൂരമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമ്പോള്‍ പോലും ജനാധിപത്യപരമായി അതിനെ സ്വാഗതം ചെയ്യാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം രാജ്യത്തുണ്ടായിരുന്നു. തനിക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഇനിയും വരക്കണമെന്ന് ശങ്കറിനോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി ഭരണം നടത്തിയ രാജ്യത്താണ് വിമര്‍ശിക്കാനുള്ള വേദികളെപോലും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നത്. റിയാലിറ്റിഷോയില്‍ രാഹുല്‍ഗാന്ധിയെ അനുകരിക്കാം നരേന്ദ്രമോദിയെ അനുകരിക്കരുതെന്ന് പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
കോവിലുകള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മിക്കണം എന്നുപറയുന്ന മെര്‍സിലിലെ മറ്റൊരു ഡയലോഗിനെ ഉയര്‍ത്തിക്കാട്ടിയാണ് നായകന്‍ വിജയ് ക്രിസ്ത്യാനിയാണെന്നും ജോസഫ് വിജയ് എന്നാണ് യഥാര്‍ഥ പേരെന്നും ബി ജെ പി നേതാവ് എച്ച് രാജ പറയുന്നത്. ഇത് അമ്പലങ്ങള്‍ പൊളിക്കാനുള്ള ആഹ്വാനമാണ് എന്നാണ് ബി ജെ പിയുടെ നാടുനീളെയുള്ള പ്രചാരണം. മതേതര ബഹുസ്വര കാഴ്ചപ്പാടുകള്‍ക്കെതിരെയും ഹിന്ദുത്വമല്ലാത്ത മറ്റൊരു വിഭാഗത്തിനും രാജ്യത്ത് സ്ഥാനമില്ലെന്നുമുള്ള അപകടകരമായ വാദത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആരാധനാലയങ്ങള്‍ പൊളിക്കാനായി ആഹ്വാനം ചെയ്തതും രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയതും ആരാണെന്ന് ഈ നാടിന് കൃത്യമായ ബോധ്യമുണ്ട്. ഹിന്ദുത്വ മതവികാരങ്ങളെ ഉയര്‍ത്തിവിട്ടാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ വിജയകരമായി നേരിടാനാകുമെന്ന പ്രതീക്ഷയാണ് ബി ജെ പിക്കുള്ളത്. അതിനാണ് ഒരേസമയം ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ ബി ജെ പി ഏര്‍പ്പെടുന്നത്. ഇതിനായി, സര്‍ക്കാറിന് വേണ്ടിയള്ള ആള്‍ക്കൂട്ടത്തെയും, ഹിന്ദുത്വനയങ്ങള്‍ക്കായി സംസാരിക്കുന്ന കലാകാരന്മാരെയും, സര്‍ക്കാര്‍ പദ്ധതികളെ പര്‍വതീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയുമെല്ലാം നിര്‍മിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം ആക്രോഷങ്ങളെയെല്ലാം ഇതിന്റെ ഭാഗമായി വേണം കണാന്‍.
യുക്തിപരമായ പ്രതികരണമാണ് ആവശ്യമെന്നും അഭിപ്രായം പറയുമ്പോള്‍ മാത്രമാണ് ഇന്ത്യ തിളങ്ങുന്നതെന്നും പറഞ്ഞ സംവിധായകന്‍ കമലിനെയും മെര്‍സിലില്‍ ഇടപെട്ടുകൊണ്ട് തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുതെന്നുള്ള രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയും ദേശവിരുദ്ധമായി ചിത്രീകരിച്ചുകഴിഞ്ഞു. എം ടിയുടെ രണ്ടാമൂഴം മഹാഭാരതമാക്കാന്‍ ശ്രമിച്ചപ്പോഴും രാജ്യം കണ്ടത് ഇതുതന്നെയായിരുന്നു.
കാലിയായ പേഴ്‌സ് കാണിച്ച് ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി പറയുന്ന സിനിമയിലെ തമാശ രംഗം പോലും ബി ജെ പിയെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ മതേതര രാജ്യത്തിന് വേണ്ടി നിരന്തരം ശബ്ദിക്കുന്നവരെ ഇവര്‍ എത്രമാത്രം ഭയപ്പെടുന്നുണ്ടാകും? വാക്കിന്റെ സത്യസന്ധതയെ ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യനെ അടിമകളാക്കാന്‍ കഴിയുമെന്നുതെളിയിച്ച ക്ലാസിക്കല്‍ ഫാസിസത്തില്‍ നിന്നുതന്നെയാണ് നവ ഇന്ത്യന്‍ ഫാസിസവും ആശയങ്ങളും സംഘടനാരൂപവും ആര്‍ജിച്ചതെങ്കില്‍ ജനാധിപത്യംകൊണ്ട് സ്വേച്ഛാധിപത്യങ്ങളെ നിലംപരിശാക്കിയ ചരിത്രവും മറ്റൊരു പ്രക്രിയയിലൂടെ രാജ്യത്ത് ആവര്‍ത്തിക്കാവുന്നതേയുള്ളു. മതേതര കക്ഷികളുടെ ലക്ഷ്യം കൈവിടാത്ത ശബ്ദങ്ങളില്‍ തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ.

Latest