Connect with us

National

നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക്; അസാധു നോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ വലച്ച നോട്ട് നിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ, തിരിച്ചെത്തിയ 1000ന്റെയും 500 ന്റെയും നോട്ടുകള്‍ എണ്ണുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയായില്ല. കഴിഞ്ഞ വര്‍ഷം നംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നിരോധിച്ച 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ പരിശോധിക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കുന്നത്. ബേങ്കുകള്‍ വഴി തിരിച്ചെത്തിയ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചുവരികയാണെന്ന് ആര്‍ ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. സെപ്തംബര്‍ 30വരെ ഏകദേശം 1134 കോടി എണ്ണം 500ന്റെയും 524.90 കോടി എണ്ണം 1000ത്തിന്റെയും നിരോധിത നോട്ടുകളാണ് തിരിച്ചെത്തിയത്. 5.67 ലക്ഷം കോടിയുടെ 500 രൂപയും 5.24 ലക്ഷം കോടിയുടെ 1000 രൂപയുമെന്നാണ് ആര്‍ ബി ഐ പറയുന്നത്.

ബേങ്കുകള്‍ പരിശോധിച്ച നോട്ടുകള്‍ നോട്ട് പരിശോധനാ മെഷീനുകള്‍ ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 66 മെഷീനുകള്‍ ഉപയോഗിച്ചാണ് തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത്. തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തുന്ന പ്രക്രിയ അവസാനിപ്പിക്കുന്നതിന് തീയതി നിശ്ചയിക്കാന്‍ സാധിക്കുന്നില്ലെന്നും ആര്‍ ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനമായും വ്യാജ നോട്ടുകള്‍ എത്ര ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യമാണ് ആര്‍ ബി ഐ ഇപ്പോള്‍ പരിശോധിക്കുന്നത്. 2016- 17ലെ ആര്‍ ബി ഐ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 99 ശതമാനം നിരോധിത നോട്ടുകള്‍ ബേങ്കുകള്‍ വഴി തിരിച്ചെത്തി. ഇതില്‍ നല്ല ശതമാനം കള്ളനോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 30നാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000ത്തിന്റെയും 500ന്റെ നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണക്കാരെ പിടികൂടാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വ്യക്തമാക്കിയായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയത്.