Connect with us

International

യു എസ് സൈനിക മേധാവി ദക്ഷിണ കൊറിയയില്‍

Published

|

Last Updated

 

സിയൂള്‍: ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികളെ പ്രതിരോധിക്കാനായി നിലയുറപ്പിച്ച അമേരിക്കന്‍ സേനയുടെ സൈനിക കമാന്‍ഡര്‍മാരുമായും ദക്ഷിണ കൊറിയയുടെ ഉന്നതതല പ്രതിരോധവകുപ്പ് അധിക്യതരുമായും ചര്‍ച്ച നടത്തുന്നതിനായി പെന്റഗണ്‍ തലവന്‍ ജിം മാറ്റിസ് ദക്ഷിണ കൊറിയയിലെത്തി. പ്രശ്‌നത്തിന് നയതന്ത്രപരിഹാരമെന്ന ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദത്തെ മാറ്റിസ് ഊന്നിപ്പറഞ്ഞു. എന്നാല്‍ അമേരിക്കക്കുകൂടി ഭീഷണിയായ ആണവായുധ പരിപാടികളില്‍നിന്നും ഉത്തര കൊറിയ വിട്ടുനിന്നില്ലെങ്കില്‍ അമേരിക്ക സൈനിക നടപടിക്ക് തയ്യാറാകുമെന്നും ഇദ്ദേഹം പറഞ്ഞു.

കൊറിയന്‍ ഉപദ്വീപിലെ പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ഷിക കൂടിയാലോചനയുടെ ഭാഗമായി ദക്ഷിണ കൊറിയന്‍ അധിക്യതരുമായി മാറ്റിസ് ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ ജോസഫ് ഡണ്‍ഫോഡുമായും ഇദ്ദേഹം ചര്‍ച്ച നടത്തും.

അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. പ്രസിഡന്റായി സ്ഥാനമേറ്റയുടനെ വടക്കന്‍ കൊറിയ വിഷയം പരിഹരിക്കുമെന്നും തന്റെ മുന്‍ഗാമികള്‍ പരാജയപ്പെട്ടിടത്ത് താന്‍ വിജയിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഉപരോധങ്ങളിലൂടെയും മറ്റ് നയതന്ത്ര ശ്രമങ്ങളിലൂടെയും ഉത്തര കൊറിയക്ക്‌മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടത്തിനായെങ്കിലും ആണവായുധ പദ്ധതികളില്‍നിന്നും ഉത്തര കൊറിയയെ പിന്തിരിപ്പിക്കാന്‍ അമേരിക്കക്കായിട്ടില്ല.