കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങി

Posted on: October 28, 2017 9:13 pm | Last updated: October 28, 2017 at 9:13 pm

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനമായിരുന്നു രാഷ്ട്രപതി കൊച്ചിയില്‍ പങ്കെടുത്ത ഏക ചടങ്ങ്.

ഹൈക്കോടതിയിലെ ചടങ്ങിന് ശേഷം ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കൊച്ചി മേയര്‍ സൗമിനി ജയിന്‍, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ, ഡി ജി പി. ലോക്‌നാഥ് ബഹ്‌റ, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ ജി. പി വിജയന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല, സിറ്റി പോലീസ് കമ്മീഷനര്‍ എം പി ദിനേശ്, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്ത് നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.