കെപിസിസി പട്ടികയായി; 146 പുതുമുഖങ്ങൾ

Posted on: October 28, 2017 7:44 pm | Last updated: October 29, 2017 at 1:03 pm
SHARE

ന്യൂഡല്‍ഹി: വിവാദങ്ങളൊഴിവാക്കി കെപിസിസിയുടെ പുതുക്കിയ ഭാരവാഹിപട്ടിക പൂര്‍ത്തിയായതായി റിപ്പോർട്ടുകൾ.304 പേർ ഉൾപ്പെട്ട പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കിയേക്കും. പട്ടികയിൽ ഇടം നേടിയവരിൽ 146 പേര്‍ പുതുമുഖങ്ങളും 52 പേര്‍ 45 വയസ്സിനു താഴെ പ്രായമുള്ളവരുമാണ്. പുതിയ ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച ചേർന്നേക്കും.

ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് പട്ടിക തയ്യാറായത്. ഗ്രൂപ്പ് തർക്കങ്ങൾ മൂർച്ഛിച്ചതോടെ പട്ടികയിൽ മേൽക്കോയ്മ നേടാനുള്ള ചരടുവലികൾ സജീവമായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് എതിരായ രാഹുലിൻെറ നിലപാട് പട്ടിക മാറ്റിയെഴുതാൻ നേതാക്കളെ നിർബന്ധിതരാക്കി. തുടർന്ന് ഏറെ ചർച്ചകൾക്ക് ഒടുവിലാണ് അന്തിമപട്ടിക തയ്യാറായത്. നിലവില്‍ ഐ ഗ്രൂപ്പില്‍നിന്ന് 147 പേരും എ ഗ്രൂപ്പില്‍നിന്ന് 136 പേരുമാണ് പട്ടികയില്‍ ഇടം നേടിയത് എന്നാണ് വിവരം.

അതേസമയം, പി.സി.വിഷ്ണുനാഥിന്റെ സ്ഥാനം സംബന്ധിച്ച് എന്തു തീരുമാനമാണുണ്ടായതെന്ന് വ്യക്തമല്ല. വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തരുതെന്ന് കൊടിക്കുന്നില്‍ സുരേഷും ഒഴിവാക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടിയും കടുത്ത നിലപാടെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here